c-kesavan

കൊല്ലം: 'കരളുറച്ച് കൈകൾ കോർത്ത് കാൽനടയ്ക്ക് പോകാ നാം...' കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ശുക്രനക്ഷത്രമായ സി. കേശവന്റെ മകൾ ഇന്ദിരക്കുട്ടി ടീച്ചർ വിറയാർന്ന ശബ്ദത്തിൽ പാടി. ധീരനായ അച്ഛനെക്കുറിച്ച് ‌ചോദിച്ചപ്പോൾ മുഖം തിളങ്ങി. മയ്യനാട്ടെ കുടുംബവീടായ തോപ്പിൽ വീടിന്റെ പൂമുഖത്തിരുന്ന് ടീച്ചർ ഓർക്കുകയാണ്:

''സമരത്തിനൊന്നും അച്ഛൻ കൊണ്ടുപോകുമായിരുന്നില്ല. പക്ഷേ, യോഗങ്ങൾക്ക് കൊണ്ടുപോകുമായിരുന്നു. യോഗം തുടങ്ങുംമുൻപേ പാട്ട് പാടാൻ. സഹോദരി ഐഷയും ഞാനും ചേർന്ന് എത്രയോ യോഗങ്ങളിൽ പാടിയിട്ടുണ്ട്.

'വരിക വരിക സഹജരേ....

സഹന സമരസമയമായ്.... "

ബാലേട്ടനാണ് (കെ. ബാലകൃഷ്ണൻ) പാട്ട് പഠിപ്പിച്ചിരുന്നത്." ഇന്ദിരക്കുട്ടി കണ്ണടച്ച് ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ ശ്രമിച്ചു. പക്ഷേ, കഴിയുന്നില്ല. അത്രത്തോളമുണ്ട് പ്രായത്തിന്റെ അവശത. എന്നിട്ടും ഓർമ്മയുടെ ഏതോ മൂലയിൽ പരതിയെടുത്ത് പറഞ്ഞു. അച്ഛൻ ഞങ്ങളെ ആലപ്പുഴയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. അച്ഛന് അവിടെ എന്തോ യോഗമുണ്ടായിരുന്നു. അവിടേക്ക് പോകുന്ന കൂട്ടത്തിൽ ഞങ്ങളെയും കൂട്ടിയതാണ്.''

തോപ്പിൽ വീട്ടിൽ ഇപ്പോൾ ഇന്ദിരക്കുട്ടി മാത്രമാണ് താമസം. കൂട്ടിന് ഒരു ജോലിക്കാരിയുണ്ട്. വീട്ടുമുറ്റത്ത് നിന്നാൽ കാണാം പറമ്പിൽ സി. കേശവന്റെ സ്മൃതി കുടീരം. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് അൻപതാണ്ട് തികയുകയാണ്. അവിടേക്ക് നടന്നടുക്കുമ്പോൾ ത്രിവർണ പതാകയേന്തി മുദ്രാവാക്യം മുഴക്കി നീങ്ങുന്ന സ്വാതന്ത്ര്യസമര പോരാളികൾ മനസിൽ നിറയും. അവർക്ക് അവേശം പകരുന്ന സി. കേശവന്റെ രൂപം ഉള്ളിൽ തെളിയും. പൊതുനിരത്തിലൂടെ നടക്കാനും വിദ്യ അഭ്യസിക്കാനും മാന്യമായി വസ്ത്രം ധരിക്കാനും അവകാശം നിഷേധിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെ സമര സൂര്യനായ സി. കേശവൻ 1951ൽ തിരു- കൊച്ചി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചരിത്ര മുഹൂർത്തം ഉള്ളിൽ നിറയും. അന്ധകാരമയമായ ഈ സമയത്ത്... എന്ന് തുടങ്ങി,​ 'സർ സി.പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ കോഴഞ്ചേരി പ്രസംഗം കാതിൽ മുഴങ്ങും.

indirakutti
സി.കേശവന്റെ മകൾ ഇന്ദിരക്കുട്ടി