കൊല്ലം: പെരുമൺ പാലത്തിൽ നിന്ന് അഷ്‌ടമുടിയുടെ ആഴങ്ങളിലേക്ക് ചിതറി വീണ 105 ജീവിതങ്ങളെ ഓർത്തെടുത്ത് 31 സംവത്സരങ്ങൾക്കിപ്പുറം നാളെ വീണ്ടും നാടൊത്തു കൂടും. രാജ്യത്തെ സമാനതകളില്ലാത്ത തീവണ്ടി ദുരന്തത്തെയാണ്
1988 ജൂലായ് 8ന് അഷ്ടമുടി കായൽ നേരിട്ടത്. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐലന്റ് എക്‌സ്‌പ്രസ് ഉച്ചയ്‌ക്ക് 12.20ന് മൺറോതുരുത്തിനും പെരിനാടിനും ഇടയിലുള്ള പെരുമൺ പാലത്തിൽ നിന്ന് കായലിലേക്ക് മറിഞ്ഞു. 80 കിലോമീറ്റർ വേഗതയിലെത്തിയ ട്രെയിന്റെ എൻജിൻ
പാലം കടന്നതിന് പിന്നാലെയാണ് ബോഗികൾ താഴേക്ക് പതിച്ചത്. അഷ്‌ടമുടിക്കായലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് രക്ഷാദൗത്യവുമായി വള്ളങ്ങളിൽ ആദ്യമെത്തിയത്. കായലിന്റെ ആഴങ്ങളിലേക്ക് പതിച്ച ബോഗികൾക്കുള്ളിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് യാത്രക്കാരിൽ മിക്കവരും മരിച്ചത്. ശാസ്ത്രീയ രക്ഷാ പ്രവർത്തന മാർഗങ്ങൾ അവലംബിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങളിൽ പലതും വീണ്ടെടുക്കാനായത്. 105 പേരുടെ ജീവനെടുത്ത ദുരന്തം സാരമായി പരിക്കേൽപ്പിച്ചത് 200ലേറെ പേർക്കാണ്. വർഷങ്ങൾക്ക് ശേഷവും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയാതെ പോയവരും അക്കൂട്ടത്തിലുണ്ട്.
വിശ്വസിക്കാൻ കഴിയാത്ത ' ടൊർണാഡോ' കണ്ടെത്തൽ
ഐലന്റ് എക്‌സ്‌പ്രസിനെ അഷ്ടമുടികായലിലേക്ക് മറിച്ചത് പെരുമൺ പാലത്തിൽ വീശിയടിച്ച ചുഴലിക്കാറ്റാണെന്ന നിഗമനത്തിലാണ് റെയിൽവേ നിയോഗിച്ച അന്വേഷണ കമ്മീഷനെത്തിയത്. റെയിൽവേ സേഫ്ടി കമ്മിഷണർ സൂര്യനാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ തെറ്റാണെന്ന് ആദ്യം പറഞ്ഞത് പ്രദേശവാസികളാണ്. അഷ്ടമുടിയെ കടന്ന് അന്നത്തെ ദിവസം ചുഴലിക്കാറ്റ് പോയിട്ടില്ലെന്ന് മത്സ്യബന്ധന തൊഴിലാളികൾ ആവർത്തിച്ച് പറഞ്ഞിട്ടും അന്വേഷണ സംഘം പരിഗണിച്ചില്ല. യഥാർത്ഥ കാരണം മറച്ച് വെക്കാൻ കമ്മിഷൻ തെറ്റായ നിഗമനത്തിൽ എത്തിയെന്ന വാദം ശക്തമായപ്പോൾ പുനരന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ സി.എസ്.നായിക്ക് നടത്തിയ പുനരന്വേഷണവും എത്തി നിന്നത് മുൻ കമ്മിഷന്റെ നിരീക്ഷണങ്ങളിലാണ്.
മഹാദുരന്തത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ച മറയ്ക്കാൻ കമ്മിഷനുകളെ ഉപയോഗിച്ചുവെന്നാണ് 31 വർഷങ്ങൾക്കിപ്പുറം ജനങ്ങൾ വിശ്വസിക്കുന്നത്.
പ്രീയപ്പെട്ടവരുടെ കണ്ണീരുപ്പ് കലർന്ന അഷ്‌ടമുടി
അഷ്ടമുടിയുടെ ആഴങ്ങളിലേക്ക് മറഞ്ഞവരുടെ ശ്രദ്ധേയമായ നിത്യ സ്മാരകങ്ങളൊന്നും
പെരുമണിലോ പരിസരങ്ങളിലോ ഇല്ല. റെയിൽവേയുടെ ഉടമസ്ഥയിലുള്ള വസ്‌തുവിലെ സ്‌മൃതി സ്‌തൂപവും പെരുമൺ ജങ്കാർ കടവിലെ സ്‌മൃതി മണ്ഡപവുമാണ് മഹാദുരന്തത്തിന്റെ സ്‌മാരകങ്ങൾ. പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുൻപിൽ കാലം മായിക്കാത്ത സ്നേഹ പുഷ്‌പങ്ങൾ അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും നാളെ പെരുമണിൽ ഒത്തുകൂടും.