75 ലക്ഷത്തിൻെറ എസ്റ്റിമേറ്റ് തയ്യാറാക്കി
പുനലൂർ: പുനലൂർ നഗരസഭാ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ കല്ലടയാറ്റിലെ പേപ്പർ മിൽ തടയണയുടെ ഉയരം രണ്ടര അടി കൂടി വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പുനലൂർ നിയോജക മണ്ഡലത്തിലെ മേജർ ഇറിഗേഷന്റെ നിയന്ത്രണത്തിലുള്ള നിർമ്മാണ ജോലികളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. പഴയ തടയണയുടെ മുകൾ ഭാഗത്ത് രണ്ട് അടി ഇളകി മാറിയിട്ടുണ്ട്. ഇത് പുനസ്ഥാപിക്കുന്നതിനൊപ്പം അര അടി കൂടി ഉയരം വർദ്ധിപ്പിക്കും. ജലവിഭവ വകുപ്പ് മന്ത്രി നേരത്തേ പുനലൂരിൽ എത്തിയപ്പോൾ പേപ്പർ തടയണയുടെ ഉയരം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഴയ തടയണയുടെ ഉയരം വർദ്ധിപ്പിച്ചാൽ കല്ലടയാറ്റിലെ വെള്ളം തടഞ്ഞു നിറുത്താൻ കഴിയുമെന്ന് നിർദ്ദേശിച്ചിരുന്നു. വേനലിൽ കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിംഗിന് തടസം നേരിട്ടിരുന്നു. ഇതിനാലാണ് തടയണയുടെ ഉയരം വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടത്. പുനലൂർ കേന്ദ്രമാക്കി ജലവിഭവ വകുപ്പിന്റെ മേജർ അസി. എൻജിനിയർ ഓഫീസ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണവും സമീപത്തെ കല്ലടയാറ്റിന്റെ തീരത്ത് 39.96 ലക്ഷം രൂപ ചെലവഴിച്ച് പണിയുന്ന പാർക്കിന്റെ നിർമ്മാണ ജോലികളും മന്ത്രി നേരിൽക്കണ്ട് വിലയിരുത്തി. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ്, കൗൺസിലർമാരായ കെ. പ്രഭ, എസ്. സുബിരാജ്, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഐ.ജി. ഷിലു, എക്സിക്യൂട്ടീവ് എൻജിനിയർ സുനിൽ രാജ്, അസി. എൻജിനിയർ ജയകുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.