palam
വെട്ടിയ തോട് പാലം അപകടാവസ്ഥയിൽ നാട്ടുകാർ ഭീതിയിൽ അധികാരികൾ കണ്ണ് തുറക്കണം

ഭീതിയോടെ പ്രദേശവാസികൾ

പടി. കല്ലട : പടിഞ്ഞാറേ കല്ലടയിലെ വർഷങ്ങൾ പഴക്കമുള്ള വെട്ടിയതോട് പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ അടിഭാഗം ദ്രവിച്ച് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. ഇടുങ്ങിയ പാലത്തിലൂടെ ദിനംപ്രതി സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. പാർശ്വഭിത്തി ഇല്ലാത്ത പാലത്തിനോട് ചേർന്നുള്ള റോഡിന്റെ വശങ്ങളും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. നിരവധി വാഹനാപകടങ്ങളാണ് മുൻകാലങ്ങളിൽ ഇവിടെ സംഭവിച്ചിട്ടുള്ളത്. വെട്ടിയതോട്ടിൽ പുതിയ പാലം വേണമെന്നുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എത്രയും വേഗം ബന്ധപ്പെട്ട അധികൃതർ പുതിയ പാലം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വൻ അപകടം ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പുതിയ പാലം

അടുത്ത കാലത്ത് പുതിയ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് നടന്നിരുന്നു. പാലത്തിനായി അളന്നു തിരിച്ച സ്ഥലത്ത് പി.ഡബ്ലിയു.ഡി വക കല്ലും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പാലം പണി എങ്ങുമെത്താതെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.