photo
പൊലീസിന്റെ പിടിയിലായ സുഭിനും, വിനീതും

കരുനാഗപ്പള്ളി: പൊതുവിപണിയിൽ 1.50 കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെയും മൂന്ന് വാഹനങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു. ചവറ കൊലപ്പുറത്ത് സുഭിൻ (25), പന്മന വിളയത്ത് തെക്കതിൽ വിനീത് (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയും വടക്കുംതല സ്വദേശിയുമായ ബിജുവാണ് ഓടി രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം മാംമൂട്ടിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പൊലീസെത്തിയത്. പൊലീസ് വാഹനം കണ്ടതോടെ ബിജു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മറ്റ് രണ്ട് പേർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ നിന്നും ഇൻസുലേറ്റഡ് വാനിൽ നിന്നും ആഡംബര കാറിൽ നിന്നുമാണ് നൂറ് ചാക്കോളം

പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ഒന്നര വർഷമായി ഇവർ മാംമൂട്ടിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ വീട്ടിൽ നിന്ന് രാത്രിയിലും പകലുമായി സാധനങ്ങൾ ചെറുകിട കച്ചവടക്കാർക്ക് എത്തിക്കുകയാണ് പതിവ്. 25 ലക്ഷം രൂപയോളം വിലവരുന്ന ഉല്പന്നങ്ങൾ 50 ലക്ഷം രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. കോളേജ് വിദ്യാർത്ഥികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. പ്രധാന പ്രതി ബിജുവിനെ കിട്ടിയെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. ഇന്നലെ രാത്രി ലോഡ് കയറ്റിയ വാഹനങ്ങൾ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് പൊലീസ് എത്തിയത്. എ.സി.പി പി. വിദ്യാധരൻ, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.