photo
കരുനാഗപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരം

കരുനാഗപ്പള്ളി: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്പന കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമാകുന്നു. ഓച്ചിറ മുതൽ തെക്കോട്ട് കന്നേറ്റി വരെയുള്ള ഭാഗങ്ങളിലാണ് നിരോധിത ലഹരി വസ്തുക്കൾ കൂടുതലായി വിറ്റഴിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പുലയില ഉല്പന്നങ്ങൾ ചെറിയ പാക്കറ്റുകളിലാണ് കരുനാഗപ്പള്ളിയിൽ എത്തുന്നത്. സ്കൂൾ - കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവരുടെ പ്രധാന ഇരകൾ. തമിഴ് നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വരുന്ന ലോറികളിലാണ് നിരോധിത പുലയില ഉല്പന്നങ്ങൾ കേരളത്തിലെത്തിക്കുന്നത്. രണ്ട് ദിവസം മുമ്പ് വവ്വാക്കാവിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരം പൊലീസ് പിടിയൂടിയിരുന്നു. കരുനാഗപ്പള്ളിയിലെ പെട്ടിക്കടകളിലും പ്രധാന വ്യാപാര കേന്ദ്രങ്ങളിലും നിരോധിത പുകയില ഉല്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നതായാണ് അറിയുന്നത്. ഇടനിലക്കാർ വഴിയാണ് സാധനങ്ങൾ ആവശ്യക്കാരിലെത്തുന്നത്. നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പനയ്ക്കായി കരുനാഗപ്പള്ളിയിൽ വലിയൊരു സംഘം പ്രവർ‌ത്തിക്കുന്നുണ്ടെന്ന് പൊലീസ് -എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയുടെ കായൽ തീരങ്ങൾ നിരോധിത പുകയില ഉല്പന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രങ്ങളായി മാറുകയാണ്.

തമിഴ്നാട്ടിൽ 4 രൂപ വിലയുള്ള നിരോധിത പുകയില ഉല്പന്നം കരുനാഗപ്പള്ളിയിൽ വില്ക്കുന്നത് 40 രൂപയ്ക്ക്

65 പേരിൽ നിന്ന് പിഴ ഈടാക്കി

കഴിഞ്ഞ മാസം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയിൽ ഉൽപ്പന്നം കൈവശം വെച്ച 65 പേരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.

പിഴ 200 രൂപ മാത്രം

ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്താലും നിലവിലുള്ള നിയമം അനുസരിച്ച് വിപണനക്കാരിൽ നിന്ന് 200 രൂപ വരെ പിഴ ഈടാക്കാൻ മാത്രമേ എക്സൈസ് അധികൃതർക്ക് കഴിയുകയുള്ളൂ. ഇതിന്റെ മറ പിടിച്ചാണ് നിരോധിത പുകയില ഉല്പന്നങ്ങളുടെ കേന്ദ്രീകരണവും വിപണനവും കരുനാഗപ്പള്ളിയിൽ വ്യാപകമാകുന്നത്.