നിർമ്മാണം 41 ലക്ഷം രൂപ ചെലവിൽ
കൊല്ലം: പോളയത്തോട്ടിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി വൈകാതെ മുണ്ടയ്‌ക്കലിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറും. മുണ്ടയ്‌ക്കൽ അമൃതകുളം മുനിസിപ്പൽ കോളനിക്ക് സമീപം 41 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടം അവസാന ഘട്ടത്തിലാണ്.
ഓണത്തിനോട് അനുബന്ധിച്ച് പുതിയ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞേക്കും. ആശുപത്രി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാണ് നഗരസഭ സ്വന്തം ഫണ്ടിൽ നിന്ന് പണം മുടക്കി രണ്ട് നിലകളിലായി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
നിരവധി രോഗികളാണ് പോളയത്തോട്ടിലെ ഹോമിയോ ആശുപത്രിയിൽ നിത്യവും ചികിത്സ തേടി എത്തുന്നത്. വാടക കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങൾ ഏറെക്കാലമായി രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ താഴത്തെ നിലയിലാകും ഡോക്‌ടറുടെ മുറിയും ഫാർമസിയും പ്രവർത്തിക്കുക. മരുന്നുകൾ സൂക്ഷിക്കുന്നതിനായി മുകളിലത്തെ നിലയിലെ മുറി ഉപയോഗിക്കും. ഭാവിയിൽ ലാബ് ഉൾപ്പെടെയുള്ള കൂടുതൽ വികസനം ഒരുക്കേണ്ടി വന്നാൽ അതിനും സഹായകമാകുന്നതാണ് വിപുലമായ സൗകര്യങ്ങളുള്ള പുതിയ കെട്ടിടം. പുതിയ കെട്ടിടത്തിലെ പ്രവർത്തനത്തിലൂടെ മുണ്ടയ്‌ക്കലിലെ ഹോമിയോ ആശുപത്രി നഗരസഭാ പരിധിയിലെ മാതൃകാ ആശുപത്രിയായി മാറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
കുടുംബശ്രീ പ്രവർത്തനങ്ങളുടെയും കേന്ദ്രമാകും
ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഹാൾ മുണ്ടയ്‌ക്കൽ ഡിവിഷനിലെ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് കൂടി ഉപയോഗിക്കും. ഡിവിഷൻ തലത്തിലെ വിവിധ യോഗങ്ങൾ, കുടുംബശ്രീ കൂട്ടായ്‌മകൾ, വികസന സമിതികളുടെ ചർച്ചകൾ എന്നിവ നടത്താൻ കൂടി ലക്ഷ്യമിട്ടാണ് മുകൾ നിലയിലെ ഹാൾ നിർമ്മിച്ചത്. ചുരുക്കത്തിൽ മുണ്ടയ്‌ക്കൽ ഡിവിഷന്റെ വിവിധ കൂട്ടായ്‌മകളുടെ കേന്ദ്രം കൂടിയാകും അമൃതകുളത്തെ പുതിയ കെട്ടിടം
നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാകും. ഓണത്തോട് അനുബന്ധിച്ച് ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
ഗിരിജാ സുന്ദരൻ
മുണ്ടയ്‌ക്കൽ ഡിവിഷൻ കൗൺസിലർ
പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ
41 ലക്ഷം രൂപ ചെലവിൽ രണ്ട് നിലകളിലായി
ഒരു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും
ഓണത്തോടെ ആശുപത്രി പുതിയ കെട്ടിടത്തിൽ