നാളുകൾക്ക് മുമ്പ് തകർന്നതെന്ന് പ്രാഥമിക നിഗമനം
പരവൂർ: മത്സ്യബന്ധനത്തിനിടെ തകർന്നതെന്ന് സംശയിക്കുന്ന ബോട്ട് പൊഴിക്കര മുക്കം ഭാഗത്തെ കടലിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് മദ്ധ്യഭാഗത്ത് വെച്ച് രണ്ടായി തകർന്ന ബോട്ട് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. കോസ്റ്റൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ ആളില്ലെന്ന് മനസിലായത്.
ബോട്ടിന്റെ എൻജിൻ ഭാഗം കണ്ടെത്തിയിട്ടില്ല. നാളുകൾക്ക് മുമ്പ് തകർന്നതാണ് ബോട്ടെന്ന പ്രാഥമിക നിഗമനത്തിലാണ് കോസ്റ്റൽ പൊലീസ്.
ബോട്ടിന്റെ മുന്നിൽ വേളാങ്കണ്ണി മാതാവ് എന്ന് എഴുതിയിട്ടുണ്ട്. ബോട്ട് കാണാൻ നിരവധി പേർ തീരത്ത് എത്തിയിരുന്നു. ആരുടെ ഉടമസ്ഥയിലുള്ള ബോട്ടാണ് ഇതെന്ന് കണ്ടെത്താൻ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചു.