santhosh
സന്തോഷാണ്(48)

അഞ്ചൽ: വികലാംഗനും ബധിരനും മൂകനുമായ ആളെ വീട്ടിൽ കയറി ആക്രമിച്ച് തലയ്ക്ക് പരിക്കേല്പിച്ച മദ്ധ്യവയസ്കനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്ങോട്ടുകോണം ആനന്ദാലയത്തിൽ സന്തോഷാണ് (48) അറസ്റ്റിലായത്. ഇടമുളയ്ക്കൽ തൊള്ളൂർ അരിയോട്ടു കിഴക്കേതിൽ വീട്ടിൽ അശോകനാണ് മർദ്ദനമേറ്റത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ മുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന അശോകനെ അയൽവാസിയായ സന്തോഷ് വീട്ടിൽക്കയറി കമ്പിവടി കൊണ്ട് മർദ്ദിച്ചെന്നും മർദ്ദനത്തിൽ തലയ്ക്ക് പൊട്ടലുണ്ടായെന്നും കാട്ടി അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. പരിക്കേറ്റ അശോകൻ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനെതിരെ ബന്ധുക്കൾ പുനലൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സന്തോഷിനെ വീണ്ടും അറസ്റ്റ് ചെയ്തത്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.