theif
Theif

പാരിപ്പള്ളി: പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണവും മോഷണ ശ്രമവും കൂടുന്നത് ജനങ്ങലെ ഭീതിയിലാഴ്‌ത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരവധി മോഷണമാണ് ഇവിടെ നടന്നത്.

മൂന്നാഴ്ച മുമ്പാണ് പാരിപ്പള്ളി ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചിറക്കരയിലെ ക്ഷീരോദ്പാദക സഹകരണ സംഘം സെക്രട്ടറിയെയും കൂട്ടുകാരിയെയും തള്ളിയിട്ട് സെക്രട്ടറിയുടെ ആറ് പവൻ മാല തട്ടിയെടുത്തത്. ഇതിന് പിന്നാലെ ഒരു കടയിലും മോഷണം നടന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലെ ഹാളിലിരുന്ന് ടി.വി കാണുകയായിരുന്ന കല്ലുവാതുക്കൽ മേവനക്കോണം സ്വദേശിയായ വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നതാണ് അവസാന സംഭവം.

മോഷണങ്ങൾ തുടർക്കഥയായിട്ടും പാരിപ്പള്ളി പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 6ന് രാത്രിയിൽ കല്ലുവാതുക്കൾ ഗ്രാമ പഞ്ചായത്തംഗത്തെ ആക്രമിച്ച സംഭവും എഴിപ്പുറം നാഗരുകാവിന് സമീപത്ത് രൂക്ഷമാകുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യവും പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സ്ത്രീകൾ മാത്രമുളള വീടുകളിൽ സന്ധ്യമയങ്ങുന്നതോടെ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണ്. ജംഗ്ഷനുകളിൽ പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്നില്ല. പ്രദേശത്ത് മോഷണ പരമ്പരകൾക്കുൾപ്പെടെ അറുതിവരുത്തുന്നതിന് പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നാണ് സാംസ്‌കാരിക സംഘടനകളും പൊതുപ്രവർത്തകരും ആവശ്യപ്പെടുന്നത്.