ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ പ്രധാന റോഡുകളിൽ നടത്തിയ കുഴിയടപ്പ് വഴിപാടുപോലെ ആയെന്ന് പരാതി. കുഴി അടച്ചതിന് തൊട്ടുപിന്നാലെ വീണ്ടും റോഡുകൾ തകർന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. ഏറെ നാളായി തകർന്നുകിടക്കുന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞമാസം പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിക്കുകയും തഹസിൽദാർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാറുടെ നിർദ്ദേശ പ്രകാരം ആഞ്ഞിലിമൂട് ഭാഗത്ത് കോൺക്രീറ്റ് ഉപയോഗിച്ച് കുഴികളടച്ചത്. എന്നാൽ ദിവസങ്ങളുടെ ആയുസ് മാത്രമേ ഇതിന് ഉണ്ടായിരുന്നുള്ളൂ. വാഹനങ്ങൾ കയറിയിറങ്ങിയതോടെ അടച്ച കുഴികളെല്ലാം പഴയപോലെയായി.
ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ച് കുഴിയടച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ആഞ്ഞിലിമൂട് - മൈനാഗപ്പള്ളി റോഡിലും അപകടകരമായ നിരവധി കുഴികളാണുള്ളത്. ഇവിടങ്ങളിൽ ബൈക്ക് യാത്രികർ അപkടത്തിൽപ്പെടുന്നത് പതിവായി. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കോൺക്രീറ്റ് ഉപയോഗിച്ച് കുഴിയടച്ചത് തകർന്നത് വീണ്ടും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തും. തകരാർ പരിഹരിക്കാൻ നിർദ്ദേശം നൽകും.
ശബരി പ്രശാന്ത്, അസി.എക്സിക്യുട്ടീവ് എൻജിനിയർ കുന്നത്തൂർ