പത്തനാപുരം: മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിലേക്കുള്ള ബസ് സർവീസ് നിറുത്തലാക്കിയ കെ.എസ്. ആർ. ടി. സി അധികൃതരുടെ നടപടിക്കെതിരെ എസ്. എഫ്. ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം കെ.എസ്. ആർ. ടി. സി ഡിപ്പോ ഉപരോധിച്ചു. ഡി. വൈ. എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് രതീഷ് ചേകം ഉപരോധം ഉദ്ഘാടനം ചെയ്തു. തുടർന്ന് പത്തനാപുരം എസ്.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ നേതാക്കൾ എ.ടി.ഒയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച മുതൽ കോളേജിലേക്കുള്ള സർവീസ് പുനരാരംഭിക്കുമെന്ന് എ. ടി. ഒ പറഞ്ഞു. കൂടാതെ പത്തനാപുരം, തലവൂർ, കൊട്ടാരക്കര റൂട്ടിൽ വിദ്യാർത്ഥികൾക്ക് പത്ത് ദിവസത്തിനുള്ളിൽ കൺസഷൻ നൽകാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും എ. ടി. ഒ തോമസ് മാത്യൂ ഉറപ്പ് നൽകി. ഏരിയാ പ്രസിഡന്റ് മിഥുൻ, സെക്രട്ടറി വിഷ്ണു കളത്തട്ട്, ഷാൻ, വിഷ്ണു, ശ്രീഹരി, നസീം, ആഷിക് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.