chekupost
തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവിൽ നവീകരിച്ച പാൽ പരിശോധന ചെക്ക്പോസ്റ്റ് കെട്ടിടത്തിൻെറ ഉദ്ഘാടനം മന്ത്രി കെ.രാജു നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു. ക്ഷീര കർഷക ക്ഷേമനിധിബോർഡ് ചെയർമാൻ എൻ.രാജൻ, കേരള ഫീഡ്സ് ചെയർമാൻ കെ.എസ്.ഇന്ദുശേഖരൻനായർ, മിൽമാ ചെയർമാൻ കല്ലട രമേശ് തുടങ്ങിയവർ സമീപം..

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് അതിർത്തിയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി എത്തുന്ന പാൽ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ആര്യങ്കാവിലെ നവീകരിച്ച പാൽ പരിശോധനാ ചെക്ക്പോസ്റ്റിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ നിന്ന് മായം കലർന്ന പാൽ ഒരു കാരണവശാലും കേരളത്തിലേക്ക് കടത്തി വിടാൻ അനുവദിക്കില്ല. ഇതിന് കൂട്ടു നിന്നാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ ക്ഷീര കർഷകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചത് മൂലം പാൽ ഉൽപ്പാദന രംഗത്ത് കേരളത്തിന് വൻ മുന്നേറ്റം നടത്താൻ കഴിഞ്ഞു. ഇതാണ് പാൽ ഉൽപ്പാദന രംഗത്ത് സംസ്ഥാനത്തിന് ദേശീയ തലത്തിൽ അംഗീകാരം ലഭിക്കാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തി. കേരളാ ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, മിൽമാ ചെയർമാൻ കല്ലട രമേശ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. പ്രദീപ്, ആർ. ലൈലജ, തെന്മല ഡി.എഫ്.ഒ സൺ, വി.എസ്. സോമരാജൻ, മത്തായി തോമസ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി കന്നുകാലികളുടെ പ്രദർശനവും ഗോരക്ഷാ ക്യാമ്പും സംഘടിപ്പിച്ചു.