പൂന്തോട്ടവും നടപ്പാതയും വിശ്രമകേന്ദ്രവും ഒരുങ്ങും
കൊല്ലം: തെരുവ് നായകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയ മുളങ്കാടകം ശ്‌മശാനം വൈകാതെ പരേതാത്മാക്കൾക്കൊപ്പം ജീവിച്ചിരിക്കുന്നവർക്കും ആശ്വാസം നൽകുന്ന ശാന്തികേന്ദ്രമായി മാറും. നവീകരണത്തിന് ശേഷം ശ്‌മശാനത്തിന്റെ പേര് 'ശാന്തിവനം' എന്ന് മാറ്റും.
കാര്യമായ പണച്ചെലവില്ലാതെയാകും ശ്‌മശാനത്തിന്റെ നവീകരണം. ശ്‌മാശാനം വളപ്പിൽ നിരവധി വൃക്ഷങ്ങളുണ്ട്. അവയിലൊന്ന് പോലും വെട്ടി നശിപ്പിക്കില്ല. മതിൽക്കെട്ടിന്റെ ഉള്ളിൽ പ്രഭാതസവാരിക്കാർക്ക് നടക്കാനായി നടപ്പാത നിർമ്മിക്കും. ഒരുഭാഗത്ത് പൂന്തോട്ടം ഒരുക്കി ചുറ്റും ഇരിപ്പിടങ്ങൾ സ്ഥാപിക്കും. ഇപ്പോഴുള്ള ചെറുകുളത്തിന്റെ ആഴം വർദ്ധിപ്പിച്ച് മഴവെള്ള സംഭരണിയാക്കും. ആമ്പലുകളും വച്ചുപിടിപ്പിക്കും.
മൃതദേഹങ്ങൾ എത്തിച്ച് സംസ്കാര കർമ്മങ്ങൾ നടത്താൻ ഓപ്പൺ ഹാൾ, ബന്ധുജനങ്ങൾക്ക് കുളിക്കാനും വിശ്രമിക്കാനുമായി വിശ്രമകേന്ദ്രം, ചെറിയ ഓഫീസ് മുറി, മനോഹരമായ കമാനം എന്നിവയും പുതുതായി നിർമ്മിക്കും. പ്രമുഖ ആർക്കിടെക്ട് മനോജ് കിണിയാണ് നവീകരണത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
ഓർമ്മമരം
മരണപ്പെടുന്നവരുടെ ഓർമ്മയ്ക്കായി ശ്മശാന വളപ്പിൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനിയാി ഇടം നൽകുന്നത് ആലോചനയുണ്ട്.
ലോക്കർ സംവിധാനം
അസ്ഥി കുടങ്ങളിലാക്കി സൂക്ഷിക്കാൻ ലോക്കർ സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. വിദേശത്തുള്ളവർക്കും വീട്ടിൽ അസ്ഥി സൂക്ഷിക്കാൻ സൗകര്യമില്ലാത്തവർക്കുമായാണ് ഇങ്ങനെയൊരു സൗകര്യം പരിഗണിക്കുന്നത്. പരമാവധി ഒരുവർഷത്തേക്കാകും ലോക്കർ അനുവദിക്കുക. ഇതിന്റെ ചട്ടങ്ങൾ നഗരസഭ കൗൺസിൽ ചർച്ച ചെയ്തു തീരുമാനിക്കും.
നിലവിലെ സ്ഥിതി
മൂന്നര ഏക്കർ വിസ്തീർണമുള്ള മുളങ്കാടകം ശ്മശാനത്തിൽ സംസ്കാരം നടക്കുന്ന ഷെഡിനോട് ചേർന്നുള്ള സ്ഥലമൊഴികെ ബാക്കിയിടങ്ങളെല്ലാം കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും വളർന്ന് കിടക്കുകയാണ്. ഉറ്റവരുടെ മൃതദേഹങ്ങളുമായി എത്തുന്നവർ തെരുവ് നായകളെയും ഇഴജന്തുക്കളെയും ഭയന്നാണ് സംസ്കാര ക്രിയകൾ ചെയ്യുന്നത്. സന്ധ്യ കഴിഞ്ഞാൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. പലയിടങ്ങളിലും ചുറ്റുമതിൽ തകർന്ന് കിടക്കുന്നതിനാൽ ആർക്കും എപ്പോഴും പ്രവേശിക്കാവുന്ന സ്ഥിതിയിലാണ്. സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികളെ വലയിലാക്കാൻ എത്തുന്ന കഞ്ചാവ് സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നതായും നാട്ടുകാർ പറയുന്നു.