ഓച്ചിറ: സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ പ്രയോജനം ലഭിക്കാതിരുന്ന ക്ലാപ്പന ആലുംപീടിക പുത്തൻപുരയിൽ രാജന്റെ കുടുംബത്തിന്റെ വീട് എന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽ രാജന്റെ വിധവ കൃഷ്ണകുമാരിക്ക് കൈമാറി. വീട് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിച്ച ലാൻഡ് മാർക്ക് കൺസ്ട്രക്ഷൻ കമ്പനി എം.ഡി ബിനു ലാലിനെ നിർമ്മാണ കമ്മിറ്റി രക്ഷാധികാരിയും യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനുമായ സി.ആർ. മഹേഷ് ആദരിച്ചു. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, മണ്ഡലം പ്രസിഡന്റ് ആർ. സുധാകരൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.പി. സുരേഷ് ബാബു, ബി. സെവന്തി കുമാരി, കെ.എസ് പുരം സുധീർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ പ്രളയ സമയത്ത് നിലംപതിക്കാറായ വീട്ടിൽ ജീവഭയത്തോടെ കഴിഞ്ഞ രാജന്റെയും കുടുംബത്തിന്റെയും വാർത്ത പത്രമാദ്ധ്യമങ്ങളിലൂടെയാണ് പുറം ലോകം അറിഞ്ഞത്. തുടർന്ന് ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആറു ലക്ഷം രൂപ ചെലവാക്കി ഇവർക്ക് വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ട് വരുകയായിരുന്നു. 2018 സെപ്റ്റംബർ ആറിന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് വീടിന് കല്ലിട്ടത്. എന്നാൺ വീടിന്റെ നിർമ്മാണം പുരോഗമിക്കവേ ജനുവരി 31ന് കല്ലേശ്ശേരിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൂടിയായിരുന്ന രാജൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.