d
വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്വാർത്ഥതയില്ലാതെ പ്രകൃതിയെ വായിക്കുമ്പോൾ മാത്രമാണ് മനുഷ്യനിൽ നന്മ വളരുന്നതെന്ന് മന്ത്രി കെ.രാജു. ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പബ്ലിക് ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായന മരിക്കുന്നു എന്ന പ്രചാരണം ശരിയല്ല. ഭൂമിയിലെ എല്ലാ വസ്‌തുക്കളുടെയും ഉടമസ്ഥത മനുഷ്യനാണെന്ന ചിന്ത മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡി.സുരേഷ് കുമാർ ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്.നാസർ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എൻ.ജയചന്ദ്രൻ, ചീഫ് കോഓർഡിനേറ്റർ ജി.ആർ.കൃഷ്‌ണകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.അജോയ്, അസി.എഡിറ്റർ പി.ആർ.സാബു തുടങ്ങിയവർ പ്രസംഗിച്ചു. കവി ചവറ കെ.എസ്.പിള്ള, പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ.എൻ.രവി, നാടക പ്രവർത്തകൻ പി.ജെ.ഉണ്ണികൃഷ്‌ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.