f
കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് ലഭിച്ച സംസ്ഥാന സർക്കാരിന്റെ പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ,​ സെക്രട്ടറി അശോകൻ,​ വൈസ് പ്രസിഡന്റ് പി.​ ​പ്ര​താ​പ​ൻ എന്നിവർക്ക് കൈമാറുന്നു

കടയ്ക്കൽ: സംസ്ഥാനത്തെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ അവാർഡിൽ കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് മൂന്നാം സ്ഥാനം ലഭിച്ചു. 36000 അംഗങ്ങളും 277 കോടി രൂപ നിക്ഷേപവും 233 കോടി രൂപ വായ്പയുമുള്ള ബാങ്കിന് കടയ്ക്കൽ ഹെഡ് ഓഫീസിന് പുറമേ കടയ്ക്കൽ പ്രഭാത സായാഹ്നശാഖ, കുമ്മിൾ, മുക്കുന്നം, കാഞ്ഞിരത്തുംമൂട്, കുറ്റിക്കാട് എന്നിവിടങ്ങളിൽ ശാഖകളുമുണ്ട്. ബാങ്കിന്റെ ഏറ്റവും പുതിയ ശാഖ കടയ്ക്കൽ പഞ്ചായത്തിലെ കാറ്റാടി മൂട് കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും. കടയ്ക്കൽ, കുമ്മിൾ ഗ്രാമ പഞ്ചായത്തുകളെ തരിശുരഹിതമാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കനകക്കതിർ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് നെൽകർഷകർക്ക് നൽകുന്നത്. ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് ക്ഷീരസാഗരം പദ്ധതി ആവിഷ്കരിച്ച് കർഷകർക്ക് സഹായമെത്തിക്കുന്നുണ്ട്. വീടുകളിൽ ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടുപച്ച എന്ന പദ്ധതിയിലൂടെ ബാങ്ക് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. ബാങ്കിന്റെ നീതി മെഡിക്കൽസിലൂടെ രോഗബാധിതർക്ക് സബ്സിഡിയിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് പ്രതിവർഷം നൽകുന്നത്. ബാങ്കിന്റെ പ്രവർത്തന മേഖലയുടെ പരിധിയിലുള്ള സ്കൂളുകൾക്ക് ഫർണിച്ചർ, മികച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ക്ലബുകൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും സഹായമെത്തിക്കൽ, കടയ്ക്കൽ സമര നായകൻ ചന്തീരാൻകാളിയമ്പിയുടെ മക്കൾക്ക് ഏർപ്പെടുത്തിയ ആജീവനാന്ത പെൻഷൻ, കടയ്ക്കൽ വിപ്ലവ സ്മാരകത്തിനുള്ളിൽ ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ ചുമർചിത്രാവിഷ്കാരം തുടങ്ങിയവ ബാങ്കിന്റെ സമീപകാല പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.
കിംസാറ്റ് എന്ന പേരിൽ കടയ്ക്കൽ ടൗണിന് സമീപം എട്ടേക്കറോളം ഭൂമി വാങ്ങി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണത്തിനും ബാങ്ക് തുടക്കമിട്ടു. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഹകാര്യം മാസിക ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ മികച്ച ബാങ്ക് പ്രസിഡന്റിനുള്ള പുരസ്കാരം കടയ്ക്കക്കൽ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമനാണ് ലഭിച്ചത്. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ എറണാകുളത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ, വൈസ് പ്രസിഡന്റ് പി. പ്രതാപൻ, സെക്രട്ടറി പി. അശോകൻ, ഡയറക്ടർമാരായ കെ. മധു, എ.കെ. സൈഫുദ്ദീൻ തുടങ്ങിയവർ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.