കൊല്ലം: 'വായു ജീവാമൃതം' എന്ന ആശയവുമായി പാരിപ്പള്ളി അമൃതയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഗൃഹസന്ദർശനത്തിന് തുടക്കമായി. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ കേരളപുരത്തെ വീട്ടിൽ നിന്നാണ് കേഡറ്റുകൾ ഗൃഹസന്ദർശനത്തിന് തുടക്കമിട്ടത്. വായുമലിനീകരണം തടയാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖ മന്ത്രിക്ക് നൽകി. മന്ത്രിയോടൊപ്പം വൃക്ഷത്തൈ നട്ട ശേഷമാണ് കേഡറ്റുകൾ പിരിഞ്ഞത്.
ശുദ്ധവായുവിന്റെ പ്രധാന്യം, വായു മലിനീകരണം തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവ ഏവർക്കും മനസിലാകുന്ന തരത്തിലാണ് കേഡറ്റുകൾ ലഘുലേഖയിൽ വിവരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതിദിന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയിലൂടെ കേഡറ്റുകൾ ലക്ഷ്യമിടുന്നത്. സോമരാജൻ, കുണ്ടറ സ്റ്റേഷനിലെ എ.എസ്.ഐ സുധീർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ, സി.പി.ഒമാരായ എ. സുഭാഷ് ബാബു, എൻ.ആർ. ബിന്ദു, ഡി.ഐ. രാജേഷ് തുടങ്ങിയവർ കേഡറ്റുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.