പത്തനാപുരം : ഓടകൾ കൃത്യസമയത്ത് നവീകരിക്കാത്തതിനാൽ പഞ്ചായത്ത് മാർക്കറ്റിലെ മാലിന്യങ്ങൾ നഗരമദ്ധ്യത്തിലെ പ്രധാന പാതയിലേക്ക് ഒഴുകിയിറങ്ങുന്നത് യാത്രക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നു. ദുർഗന്ധം വമിക്കുന്ന മലിനജലം ഓട കവിഞ്ഞ് റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് കാൽനടയാത്രികർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധുമുട്ടുണ്ടാക്കുന്നത്. പത്തനാപുരം - പുനലൂർ പാതയിലെ മാർക്കറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തും ജനതാ ജംഗ്ഷനിലുമാണ് മലിനജലം ഒഴുകി പ്രധാന പാതയിലേക്കിറങ്ങുന്നത്. ചന്തയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് വരുന്ന ഒാടകളിൽ മാലിന്യം നിറഞ്ഞതോടെ ഓടകളുടെ പല ഭാഗങ്ങളും പൊട്ടിയിട്ടുണ്ട്. ഇതുവഴി മാലിന്യം പുറത്തേക്ക് ഒഴുകുകയാണ്. അറവ് അവശിഷ്ടങ്ങളും മത്സ്യ മാർക്കറ്റിൽ നിന്നുള്ള മലിനജലവും അടക്കമാണ് പ്രധാന പാതയിലേക്ക് ഒഴുകിയെത്തുന്നത്.
മലിനജലം ഒഴുകിയെത്തുന്നത് കല്ലട ആറ്റിൽ
വാട്ടർ അതോറിറ്റിയുടെ നിരവധി കുടിവെള്ള പദ്ധതികളുള്ള കല്ലുംകടവ് തോട്ടിലാണ് മലിനജലം ഒഴുകിയെത്തുന്നത്. കല്ലുംകടവ് തോട് പ്രധാന ജലസ്രോതസുകളിലൊന്നായ കല്ലട ആറ്റിലേക്കാണെത്തുന്നത്. രോഗം പടർന്ന് പിടിക്കുന്ന അവസ്ഥയിലേക്ക് മലിനജലം കല്ലട ആറ്റിലേക്ക് ഒഴുകിയെത്തിയിട്ടും ആരോഗ്യ വകുപ്പ് ഇത് തടയാനായി ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കച്ചവടക്കാർ മാലിന്യം നിക്ഷേപിക്കുന്നത് ഓടകളിൽ
ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമ്മാണത്തിന്റെ ഭാഗമായി ചന്തയ്ക്കുള്ളിലെ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്. ഇതോടെ മാർക്കറ്റിനുള്ളിലെ കച്ചവടക്കാർ ഓടകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ദുർഗന്ധം മൂലം വ്യാപാര സ്ഥാപനങ്ങളിൽ മൂക്ക് പൊത്താതെ നിൽക്കാനാവാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഒാടകൾ നവീകരിച്ചിട്ട് 2 വർഷം
പത്തനാപുരത്ത് നിന്നും അടൂർ, പത്തനംതിട്ട, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിറുത്തുന്ന ഭാഗത്തേക്കാണ് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. നടപ്പാതകളുടെ നിർമ്മാണത്തിന്റെ ഭാഗമായി രണ്ട് വർഷം മുമ്പാണ് ഓടകൾ നവീകരിച്ചത്. ഇതിന് ശേഷം ഇതുവരെ ശുചീകരണ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. നേരത്തേ പഞ്ചായത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഓടകൾ ശുചീകരിച്ചിരുന്നത്.