കൊട്ടിയം: കൊല്ലം - ആയൂർ സംസ്ഥാന പാതയിൽ അയത്തിൽ ബൈപാസ് ജംഗ്ഷനിലെ പാലങ്ങളിൽ അപകടം പതിയിരിക്കുന്നു. കാൽനടയാത്രക്കാർ ജാഗ്രതയോടെ നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്.
അയത്തിൽ ബൈപാസ് ജംഗ്ഷനിൽ അയത്തിൽ ആറിന് കുറുകെ രണ്ട് പാലങ്ങളാണ് നിലവിലുള്ളത്. ഒരെണ്ണം കണ്ണനല്ലൂർ റോഡിലും മറ്റൊന്ന് കല്ലുംതാഴം ഭാഗത്തേക്കുള്ള ബൈപാസ് റോഡിലുമാണുള്ളത്. കണ്ണനല്ലൂർ ഭാഗത്തേക്കുള്ള റോഡിലുള്ള പാലത്തോട് ചേർന്ന് കൂറ്റൻ പൈപ്പും ഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ ട്രാഫിക് സിഗ്നൽ കാത്ത് ഒരുവശത്ത് വാഹനങ്ങൾ കിടക്കുമ്പോൾ മറുവശത്ത്കൂടി വാഹനങ്ങൾ പൊയ്ക്കൊണ്ടിരിക്കും. കാൽനടക്കാർക്ക് നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. റോഡിലേക്കിറങ്ങി നടന്നാൽ വാഹനമിടിക്കുമെന്ന അവസ്ഥയും.
ബൈപാസിലെ പാലത്തിലൂടെയും നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. അയത്തിൽ ജംഗ്ഷനിൽ കണ്ണനല്ലൂർ ഭാഗത്തേക്കോ കല്ലുംതാഴം ഭാഗത്തേക്കോ ബസ് കയറുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകണമെങ്കിൽ പാലങ്ങൾ കടക്കേണ്ട സ്ഥിതിയാണുള്ളത്. കശുഅണ്ടി തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേരാണ് ദിവസവും പാലത്തിലൂടെ നടന്നുപോകുന്നത്. ആയുസിന്റെ ബലം കൊണ്ട് മാത്രമാണ് പാലം കടക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്.
കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇവിടെ നടപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. അടിയന്തിരമായി നടപ്പാലം നിർമ്മിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അയത്തിൽ നിസാം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കോർപ്പറേഷൻ അധികാരികൾക്കും നിവേദനം നൽകിയിരിക്കുകയാണ്. വിഷയം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുവാനാണ് നാട്ടുകാരുടെ തീരുമാനം.