കൊട്ടാരക്കര : കൊട്ടാരക്കര - പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ ജംഗ്ഷനും പത്തടിക്കും ഇടയിൽ കൊട്ടാരക്കര നിന്ന് ഭരണിക്കാവിന് പോവുകയായിരുന്നു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ 11 കെ. വി വൈദ്യുതി ലൈൻ കടന്നുപോകുന്ന വൈദ്യുതപോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു. പത്തടി തോടിനോട് ചേർന്നാണ് ബസ് നിന്നത്. ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് 6.20ന് ആണ് സംഭവം. കൊട്ടാരക്കര നിന്ന് ഫയർ ഫോഴ്‌സും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. നാട്ടുകാരുടെ സഹായത്തോടെ ശ്രമകരമായിട്ടാണ് യാത്രക്കാരെ പുറത്ത് ഇറക്കിയത്. പ്രദേശത്തെ വൈദുതി ബന്ധം തകരാറിലായി. കൊട്ടാരക്കര പൊലീസ് കേസ് എടുത്തു.