kummallooor
കുമ്മല്ലൂർ പാലം. കരിങ്കൽ കെട്ട് ഇടിഞ്ഞതിനാൽ വാഹനങ്ങളുടെ സുരക്ഷയ്ക്ക് സ്ഥാപിച്ചിരിക്കുന്ന ബോ‌ർഡും കാണാം

 പാലത്തിന് ബലക്ഷയം, കൈവരികൾ തകർന്നു

ചാത്തന്നൂർ: ചാത്തന്നൂർ - കൊട്ടാരക്കര റോ‌ഡിൽ ചാത്തന്നൂർ, ആദിച്ചനല്ലൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന കുമ്മല്ലൂർ പാലം അധികൃതരുടെ അനാസ്ഥ മൂലം തകർച്ചയുടെ വക്കിൽ. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്. പാലത്തിന്റെ കൈവരികൾ മിക്കവാറും തകർന്ന നിലയിലാണ്.
ഇത്തിക്കരയാറ്റിന് കുറുകെ കുമ്മലൂർ തോണിക്കടവിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പ്രധാന പാലങ്ങളിൽ ഒന്നായ പാലത്തിന്റെ ബലക്ഷയത്തിന് കാരണം അനധികൃത മണൽ ഖനനമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ ഇളകിവീഴുകയാണ്. ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. കൂടാതെ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിള്ളൽ രൂപപ്പെട്ടു കഴിഞ്ഞു. ഈ ഭാഗത്ത് പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിനുള്ളിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഇവിടെ മെറ്റൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.

പാലത്തിന്റെ ബലക്ഷയത്തിനൊപ്പം തന്നെ വീതിക്കുറവും വർഷങ്ങളായി നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഒരു ബസ് പാലത്തിലൂടെ കടന്നുപോയാൽ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയില്ല. രണ്ട് വാഹനങ്ങൾക്ക് ഒരേസമയം സഞ്ചരിക്കാനും കഴിയില്ല. പാലത്തിന്റെ വീതിക്കുറവ് മൂലം നിരവധി തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. പാലത്തിന്റെ ഒരു വശത്തിലൂടെ പൈപ്പ് - കേബിൾ ലൈനുകൾ ഉൾപ്പെടെ കടന്നുപോകുന്നതും കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുകയാണ്.

പാലം പുനർനിർമ്മിക്കുമെന്ന പ്രഖ്യാപനങ്ങൾ ഏറെ പഴകിയെങ്കിലും യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ വീതികൂട്ടി അടിയന്തരമായി പുനർനിർമ്മാണം നടത്തണമെന്നും പാലത്തിന് കീഴെയുള്ള അനധികൃത മണൽ ഖനനത്തിന് അറുതിവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 46 വർഷത്തെ പഴക്കം

1973ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മിഷൻ ചെയ്തത്. ചാത്തന്നൂരിനെ ആദിച്ചനലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻ മേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.