പരവൂർ : വർഷങ്ങൾക്ക് മുമ്പ് ഉദ്‌ഘാടനം കഴിഞ്ഞിട്ടും പരവൂർ മുനിസിപ്പൽ ശ്‌മശാനത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു പ്രദേശത്ത് ഒരു പൊതുശ്‌മശാനം വേണമെന്നത്. എന്നാൽ പരവൂർ മുനിസിപ്പൽ ശ്മശാനം പ്രവർത്തന സജ്ജമാക്കിയിട്ടും പത്തിനു താഴെ സംസ്കാരം മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്. മൃതദേഹം സംസ്കരിക്കുന്നതിനായി പോളയത്തോട്, മുളങ്കാടകം ശ്മശാനങ്ങളെയാണ് നാട്ടുകാരിൽ കൂടുതൽ പേരും ആശ്രയിക്കുന്നത്. മുനിസിപ്പാലിറ്റിക്ക് സ്വന്തമായി ശ്‌മശാനം ഉള്ളപ്പോഴാണ് പ്രദേശവാസികൾ ഈ ഗതികേട് അനുഭവിക്കുന്നത്.
പരവൂർ മുനിസിപ്പാലിറ്റിയിൽ കൂനയിൽ 8-ാം വാർഡിൽ (പേരാൽ വാർഡ് ) 65 സെന്റ് സ്ഥലത്ത് നിർമ്മിച്ച ശ്മശാനമാണ് പ്രവർത്തനമില്ലാതെ അനാഥമായി കിടക്കുന്നത്.
22.5 ലക്ഷം രൂപ
22.5 ലക്ഷം രൂപ ചെലവഴിച്ച് ഗ്യാസ് ക്രിമറ്റോറിയം, കോമ്പൗണ്ട് വാൾ, ഗേറ്റ് എന്നിവയോട് കൂടി പൂർത്തിയായ ശ്‌മശാനം കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് അന്നത്തെ മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിയാണ് ഉദ്‌ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും നാളിതുവരെ കൃത്യമായ രീതിയിലുള്ള പ്രവർത്തനം നടന്നിട്ടില്ല.
സംസ്കാരം വീട്ടുമുറ്റത്ത്
അടുത്ത് ശ്മശാനം ലഭ്യമല്ലാത്തതിനാൽ വീട്ടുമുറ്റത്ത് സംസ്കാരം നടത്തുന്നവരും ഏറെയുണ്ട്. രണ്ടും മൂന്നും സെന്റ് സ്ഥലത്ത് താമസിക്കുന്നവരാണ് പരവൂർ മുനിസിപ്പൽ ശ്മശാനം ലഭ്യമല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട് മാസം മുൻപ് കോട്ടപ്പുറം സ്വദേശിയുടെ ശരീരം മറവ് ചെയ്തത് വീടിന്റെ അടുക്കളയ്ക്ക് സമീപമാണ്.
പരവൂർ മുനിസിപ്പൽ ശ്‌മശാനത്തിന്റെ പ്രവർത്തനം കൃത്യമായി നടത്തണം. കൂടുതൽ ശവസംസ്‌കാരം നടത്താനുള്ള നടപടികൾ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
- പി.എസ്. ദേവദാസ് (മുൻ ശാഖാ സെക്രട്ടറി - എസ്.എൻ.ഡി.പി.യോഗം, 962-ാം നമ്പർ ഒല്ലാൽ ശാഖ)