നിങ്ങളുടെ വിഷമങ്ങൾ ഇറക്കിവയ്ക്കാൻ പൊട്ടിപ്പൊട്ടി കരയണമെന്നുണ്ടോ? അല്ലെങ്കിൽ വെറുതേ ഒരു കൗതുകത്തിന് കരയാൻ ആഗ്രഹമുണ്ടോ..? കരച്ചിൽ വന്നില്ലെങ്കിൽ അതിനുള്ള മാർഗവുമുണ്ട്.. പക്ഷേ, വെറുതെ കരയാൻ പറ്റില്ല, ഫീസ് കൊടുക്കേണ്ടിവരും. സംഗതി എന്തായാലും കരയാൻ മാത്രമായി ഒരു ഹോട്ടലുണ്ടെന്ന് കേട്ടാൽ ഞെട്ടില്ലേ.. സംഗതി സത്യമാണ്. പക്ഷേ, ഇവിടെയൊന്നുമല്ലെന്ന് മാത്രം.
അങ്ങ് ജപ്പാനിൽ.. ടോക്കിയോവിലാണ് ഈ സ്പെഷ്യൽ ഹോട്ടൽ. ദി മിറ്റ്‌സുയി ഗാർഡൻ യോറ്റ്‌സുയ എന്ന ഹോട്ടലാണ് തങ്ങളുടെ കസ്റ്റമേഴ്‌സിന് ഈ രസകരമായ ഓഫർ നൽകുന്നത്. കരയാൻ സഹായിക്കുന്ന സിനിമകളും കണ്ണ് ചീത്തയാകാതിരിക്കാനുള്ള മാസ്‌ക്കുകളും കണ്ണീരൊപ്പാൻ ആഡംബര ടിഷ്യൂ പേപ്പറുകളും ഹോട്ടലിൽ കിട്ടും. വളരെ സ്വകാര്യമായി മനസ് തുറന്ന് കരയാനുള്ള സൗകര്യമാണ് തങ്ങൾ ചെയ്തു തരുന്നതെന്നാണ് ഹോട്ടൽ അധികൃതരുടെ അവകാശ വാദം.
ഫോറസ്റ്റ് ഗംപ്, ടെയ്ൽ ഓഫ് മേരി ആൻഡ് 3 പപ്പീസ് തുടങ്ങിയവയാണ് ഇവിടെ കാണാവുന്ന സിനിമകൾ.
2004 ലെ ഭൂകമ്പം അതിജീവിച്ച ഒരു നായയുടെയും മക്കളുടെയും സംഭവ കഥയാണ് ടെയ്ൽ ഓഫ് മേരി ആൻഡ് 3 പപ്പീസ് സിനിമ പറയുന്നത്. വായിച്ചുകൊണ്ട് കരയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളുമുണ്ട്. മേക്കപ്പിട്ട് കരയാൻ ബുദ്ധിമുട്ടുള്ളവർക്ക് മേക്കപ്പ് അഴിച്ചുമാറ്റാനുള്ള സൗകര്യങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്. 83 യു.എസ് ഡോളർ അഥവാ 5300 ലധികം രൂപയാണ് ഹോട്ടലിൽ ഒരു രാത്രി കരയാനുള്ള വാടക.