nazar
കേരള പൊലീസ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ലഹരിയ്ക്കെതിരെ നടത്തുന്ന അവബോധന ക്ലാസുകൾ 'മുക്തി 2019

 പൊലീസ് അസോ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ബോധവൽക്കരണ ക്ലാസുകൾക്ക് തുടക്കമായി

കൊല്ലം: ലഹരിക്കെതിരായ അവബോധവും പോരാട്ടവും ആരംഭിക്കേണ്ടത് സ്‌കൂളുകളിൽ നിന്നാണെന്ന് ജില്ലാ കളക്ടർ ബി.അബ്‌ദുൽ നാസർ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ജില്ലയിലെ സ്‌കൂളുകളിൽ നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ 'മുക്തി 2019' ന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം സെന്റ് ജോസഫ് എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ രംഗത്ത് വന്നെങ്കിൽ മാത്രമേ സാമൂഹിക ബന്ധങ്ങളെ ഇല്ലാതാക്കുന്ന ലഹരി വിപത്തിനെ ഒഴിവാക്കാനാകൂ. ലഹരി കലർന്ന മിഠായികളിലൂടെ കുട്ടികളെ ആകർഷിക്കാൻ ശ്രമിക്കുന്ന മാഫിയകൾ സജീവമാണ്. ഇത്തരം മിഠായികളും ലഹരികളും വേണ്ടെന്ന് കുട്ടികൾ തീരുമാനിക്കണം. റോഡപകടങ്ങളിൽ അകപ്പെടാതിരിക്കാൻ വിദ്യാർത്ഥികളിൽ ശ്രദ്ധ വേണം. സീബ്ര ലൈനിൽ കൂടി മാത്രമേ റോഡ് മുറിച്ച് കടക്കാവൂ എന്നും കളക്ടർ പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ എസ്.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ആർ.ശരത്ചന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൂസി, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.ജയകുമാർ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു.സി.നായർ, ട്രാഫിക് എസ്.ഐ സി.വിമൽ, സ്വാഗതസംഘം ജോയിന്റ് കൺവീനർ ജെ.എസ്.നെരൂദ ,പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.ഹാഷിം എന്നിവർ പ്രസംഗിച്ചു. അസി.സബ് ഇൻസ്‌പെക്ടർമാരായ എച്ച്.ഷാനവാസ്, എൻ.സൂരജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 35 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 35 സ്‌കൂളുകളിലാണ് അവബോധന ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

കുട്ടികളുമായി സംവദിച്ച് ജില്ലാ കളക്‌ടർ;

സമ്മാനമായി സ്വന്തം പേന നൽകി

ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുന്നതിനിടെ കുട്ടികളോടായി കളക്‌ടറുടെ ചോദ്യമെത്തി. റോഡിന്റെ ഏത് വശത്ത് കൂടിയാണ് കാാൽനട യാത്രികർ സഞ്ചരിക്കേണ്ടത് ? കുട്ടികൾ കൂട്ടത്തോടെ ഉത്തരം പറയുന്നതിനിടെ ആരെങ്കിലും ഒരാൾ ഉറക്കെ ഉത്തരം പറയാൻ കളക്‌ടറുടെ നിർദ്ദേശം.വലത് വശം ചേർന്ന് നടക്കണമെന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞ മിടുക്കിക്ക് പോക്കറ്റിൽ നിന്ന് സ്വന്തം പേന കളക്‌ടർ സമ്മാനമായി നൽകി. നഗരത്തിന്റെ പല ഭാഗങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണെന്ന് ഓർമ്മിപ്പിച്ച കളക്‌ടർ അതിനെതിരെ കുട്ടികളിൽ ജാഗ്രത ഉണ്ടാകണമെന്ന് ഓർമ്മിപ്പിച്ചു. ഉറവിട മാലിന്യ സംസ്‌കരണത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ കുട്ടികൾ ശ്രമിക്കണമെന്ന് ഓർമ്മിപ്പിച്ചാണ് കളക്‌ടർ പ്രസംഗം അവസാനിപ്പിച്ചത്.