കരുനാഗപ്പള്ളി: നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പാലം അപകടക്കെണിയായിട്ടും അനക്കമില്ലാതെ അധികൃതർ. ലാലാജി ജംഗ്ഷൻ - പണിക്കർകടവ് റോഡിൽ ഒന്നാം തഴത്തോടിന് മീതേയുള്ള പാലമാണ് തകർന്നത്. കരുനാഗപ്പള്ളി ടൗണിന് സമീപത്തുള്ള പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇതിന്റെ അടിവശത്തുനിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നതാണ് പ്രധാന പ്രശ്നം.
ഇക്കാര്യം നിരവധി തവണ ജനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തോട് വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് പാലത്തിന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. കോൺക്രീറ്റ് ഇളകിയ ഭാഗത്തെ കമ്പികൾ രാത്രിയുടെ മറവിൽ പലരും മുറിച്ചുകടത്തിക്കഴിഞ്ഞു. മുകൾഭാഗത്ത് പാലത്തിന്റെ വശങ്ങളിലുള്ള കൈവരികളും തകർന്നു തുടങ്ങി. ഇതാണ് യാത്രക്കാരെ ഭീതിയുടെ നടുവിൽ നിറുത്തുന്നത്. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകുന്നതിനുള്ള വീതിയും പാലത്തിനില്ല.ഇതെല്ലാം കണക്കിലെടുത്ത് അടിയന്തരമായി പാലം പുനർ നിർമ്മിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ വലിയ അപകടത്തിനാകും പാലം കാരണമാകുക എന്നാണ് ഇവരുടെ ഭീതി.
ആശ്രയിക്കുന്നവർ അനവധി
കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളും നിരവധി സ്വകാര്യ ബസുകളും പാലത്തിലൂടെയാണ് ആലപ്പാട് ഭാഗത്തേക്ക് സർവീസ് നടത്തുന്നത്.
ചവറ ഐ.ആർ.ഇയുടെ കരിമണൽ ഖനന മേഖലയായ വെള്ളനാതുരുത്തിൽ നിന്ന് ടൺ കണക്കിന് കരിമണലാണ് പാലത്തിലൂടെ കൊണ്ടുപോകുന്നത്. കായംകുളം മത്സ്യബന്ധന തുറമുഖത്തേക്ക് കണ്ടെയ്‌നർ ലോറികൾ കടന്നുപോകുന്നതും കരുനാഗപ്പള്ളി നഗരത്തെ ലോകതീർത്ഥാടന കേന്ദ്രമായ അമൃതപുരിയുമായി ബന്ധിപ്പിക്കുന്നതും ഇതുവഴിയാണ്. കല്ലുംമൂട്ടിൽക്കടവ് പാലം പ്രവർത്തന സജ്ജമാകുന്നതിന് മുമ്പ് അമൃതപുരിയിൽ എത്താനുള്ള ഏക മാർഗവും പാലമായിരുന്നു. കരുനാഗപ്പള്ളിയെ പടിഞ്ഞാറൻ തീരപ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡും പാലത്തിലൂടെയാണ് കടന്നുപോകുന്നത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലമാണിത്. പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഭാഗീകമായി തകർന്നു. കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയാണ്. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തിരിഞ്ഞ് നോക്കിയിട്ടില്ല. അടിന്തരമായി പാലം പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണം.
രാജു കൊച്ചുതോണ്ടലിൽ, പൊതുപ്രവർത്തകൻ