കരുനാഗപ്പള്ളി: തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരം ചെക്ക് പോസ്റ്റ് വഴി കാറിൽ കടത്തിയ എഴുന്നൂറ് ലിറ്റർ സ്പിരിറ്റ് ഓച്ചിറയിൽ എക്സൈസ് എൻഫോഴ്സ് മെന്റ് പിടിച്ചെടുത്തു. നാലുപേർ അറസ്റ്റിലായി. ഇന്നോവ കാറും അകമ്പടി വന്ന മാരുതി കാറും കസ്റ്റഡിയിലെടുത്തു. സ്പിരിറ്റിന് പന്ത്രണ്ടു ലക്ഷം രൂപ വില വരും. ആലപ്പുഴയായിരുന്നു ലക്ഷ്യം.
കന്യാകുമാരി വിളവൻകോട് മരുത്തൻകോട് കല്ലാംപൊറ്റയിൽ വിളയിൽ വീട്ടിൽ ബാലകൃഷ്ണൻ (52,കരുവി), വിളവൻകോട് മെദുകമ്മൽ തച്ചൻവിള വീട്ടിൽ കനകരാജ് (46,കനകൻ), നെയ്യാറ്റിൻകര പരശുവയ്ക്കൽ പാണ്ടംകോട് ദീപംവീട്ടിൽ ദീപു (37,മണിക്കുട്ടൻ), നെയ്യാറ്റിൻകര കൊല്ലയിൽ നെടിയാംകോട് ബി.എസ്.നിവാസിൽ രാഹുൽ സുരേഷ് (26) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 7.30ന് ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് സമീപം ദേശീയപാതയിൽവച്ചാണ് പിടിയിലായത്. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് സംഘം സ്പിരിറ്റുമായി എത്തുന്നത്. സ്പിരിറ്റ് കടത്തുന്നതായി എൻഫോഴ്സ് മെന്റിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതേ തുടർന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാഹനത്തെ പിന്തുടരുന്നുണ്ടായിരുന്നു. ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് മുന്നിൽ വച്ച് സ്പിരിറ്റ് വാഹനം ആലപ്പുഴ സംഘത്തിന് കൈമാറി അകമ്പടി കാറിൽ തിരിച്ചു പോകാനായിരുന്നു പദ്ധതി. കാറുകൾ രണ്ടും ഒതുക്കിയതോടെ എൻഫോഴ്സ് മെന്റ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു. ഓരോ കാറിലും രണ്ടുപേർ വീതമാണ് ഉണ്ടായിരുന്നത്. ചോദ്യം ചെയ്തപ്പോഴാണ് ആലപ്പുഴ സംഘം അവിടെ ഉണ്ടായിരുന്ന വിവരം അറിഞ്ഞത്. പക്ഷേ, ഇവർ പിടിയിലായത് കണ്ട് ആലപ്പുഴ സംഘം രക്ഷപ്പെട്ടിരുന്നു.
35 ലിറ്റർവീതം കൊള്ളുന്ന 20 കന്നാസുകളിൽ നിറച്ച സ്പിരിറ്റ്
സീറ്റുകൾ ഇളക്കി മാറ്റിയാണ് കാറിൽ വച്ചിരുന്നത്.
തിരുവനന്തപുരം തമിഴ്നാട് അതിർത്തിയിൽ എക്സൈസ് ചെക് പോസ്റ്റ് ഇല്ലാത്തതുകൊണ്ടാണ് ആ വഴി വന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. ബാലകൃഷ്ണനും കനകരാജും നിരവധി എക്സൈസ് കേസുകളിലെ പ്രതികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ ടി.അനിൽകുമാർ, ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, പ്രദീപ് റാവു, വിനോദ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ മുകേഷ് കുമാർ, മനോജ്, പ്രിവന്റീവ് ഓഫീസർമാരായ മധുസൂദനൻനായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ഷംനാദ്, സുരേഷ് ബാബു, കൃഷ്ണപ്രസാദ്, രാജേഷ്, എന്നിവർ എൻഫോഴ്സ് മെന്റ് സംഘത്തിലുണ്ടായിരുന്നു.