സംസ്ഥാന തണ്ണീർത്തട അതോറിറ്റിക്ക് ചുമതല
വിഹിതം നൽകാതെ സംസ്ഥാന സർക്കാർ
കൊല്ലം: കേന്ദ്രഫണ്ടുപയോഗിച്ച് ശാസ്‌താംകോട്ട തടാക സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വൈകാതെ ആരംഭിക്കുമെന്ന് സൂചന.
സംസ്ഥാന തണ്ണീർത്തട അതോറിറ്റിയാണ് സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 60 ലക്ഷം രൂപ പ്രാഥമിക പ്രവർത്തനങ്ങൾക്കും പഠനങ്ങൾക്കുമായി വിനിയോഗിക്കാനായിരുന്നു കേന്ദ്ര നിർദ്ദേശം. തുകയുടെ 60 ശതമാനം കേന്ദ്രം അനുവദിക്കുകയും ചെയ്‌തു. സംസ്ഥാന സർക്കാർ തുക ഏറ്റെടുക്കാത്തതിനെ തുടർന്ന് മൂന്ന് സാമ്പത്തിക വർഷങ്ങളായി കേന്ദ്രം തുക പുതുക്കി നൽകിയിരുന്നു.
പൊതു സമൂഹത്തിൽ നിന്ന് വിമർശനവും സമ്മർദ്ദവും ഏറിയതോടെ കേന്ദ്രം നൽകിയ തുക വിനിയോഗിക്കാൻ തണ്ണീർത്തട അതോറിറ്റിയെ ചുമതലപ്പെടുത്തിയെങ്കിലും സംസ്ഥാന വിഹിതം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
. സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയിൽ ഒന്നിനാവും പ്രവർത്തനങ്ങളുടെ കരാർ നൽകുക. സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി തടാകത്തിന്റെ വൃഷ്‌ടി പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ സംയുക്ത യോഗം വിളിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും.
അഷ്ടമുടിക്കും ശാസ്‌താംകോട്ടയ്‌ക്കുമായി
കൊല്ലത്ത് ഓഫീസ് ?
റാംസർ തണ്ണീർത്തടങ്ങളായ ശാസ്താംകോട്ട തടാകം, വേമ്പനാട്ട് കായൽ, അഷ്‌ടമുടിക്കായൽ എന്നിവിടങ്ങളിൽ ഒരേ സമയം സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കും. അഷ്ടമുടിയിലെയും ശാസ്താംകോട്ട തടാകത്തിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കൊല്ലത്ത് ഓഫീസ് ആരംഭിക്കുന്നതും തണ്ണീർത്തട അതോറിറ്റിയുടെ പരിഗണനയിലുണ്ട്.
തടാക സംരക്ഷണ സമിതിയുടെ
നിരന്തര ഇടപെടൽ
കേന്ദ്ര കുടിവെള്ള ശുചിത്വ സഹമന്ത്രി രമേശ് ചന്ദപ്പ ജിഗജിനാഗി 2017 ജൂൺ 10ന് തടാകം സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിനിടെ നടത്തിയ സെമിനാറിൽ തടാകം നേരിടുന്ന പ്രതിസന്ധി വിശദീകരിച്ച് സംരക്ഷണ സമിതി ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് വകുപ്പ് മന്ത്രി ഉമാഭാരതിക്ക് സഹമന്ത്രിയുടെ ഓഫീസ് വിശദമായ റിപ്പോർട്ട് നൽകി.
വാട്ടർമാൻ ഡോ.രാജേന്ദ്ര സിംഗിനെ പങ്കെടുപ്പിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി തടാക തീരത്ത് ജലസ്വരാജും സംഘടിപ്പിച്ചിരുന്നു. സംരക്ഷണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടപ്പോൾ തടാക സംരക്ഷണ സമിതി ചെയർമാൻ കെ.കരുണാകരൻപിള്ള പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെയും കൂടി അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
ആദ്യ ഘട്ടത്തിലെ പ്രവർത്തനം
# തടാക തീരത്തെ 50 കിണറുകളുടെ പുനരുദ്ധാരണം. (പ്രധാനമായും പൊതു കിണറുകൾ)
# തടാകത്തിലെ പായൽ നീക്കം ചെയ്യൽ. (കുതിര മുനമ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ പായൽ)
# തടാക ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പഠന ഗവേഷണം.
# തടാകത്തിലെ മത്സ്യസമ്പത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്ര പഠനം
........................
'സംരക്ഷണ പ്രവർത്തനം പാതി വഴിക്ക് നിലച്ച ചരിത്രമാണ് ശാസ്‌താംകോട്ടയിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തടാക തീരത്തെത്തി പ്രഖ്യാപിച്ച പദ്ധതി പോലും അഴിമതിയിൽ മുക്കി ഇല്ലാതാക്കി. തടാകത്തെ സമൃദ്ധിയിലേക്ക് വീണ്ടെടുക്കാൻ നിലവിലെ സംരക്ഷണ പദ്ധതി പൂർണ്ണതയിൽ എത്തേണ്ടത് അനിവാര്യമാണ്".
കെ.കരുണാകരൻപിള്ള
തടാക സംരക്ഷണ സമിതി ചെയർമാൻ