കൊല്ലം: കേന്ദ്ര ബഡ്‌ജറ്റ് ചെറുകിട ഇടത്തരം ചില്ലറ വ്യാപാരികളുടെ ഉൻമൂലനം ലക്ഷ്യമാക്കിയുള്ളതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കോർപ്പറേറ്റ് മുതലാളിമാർ തയ്യാറാക്കിയ ബഡ്‌ജറ്റാണെന്നും പെട്രോൾ - ഡീസൽ വിലവർദ്ധന, സെസ് പിരിവ്, അന്യായമായ കട പരിശോധന, കാലഹരണപ്പെട്ട വാറ്റിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് നികുതി അടച്ച ബില്ലിന് മേൽ കൊള്ളപ്പെനാൽറ്റിയും പലിശയും ഈടാക്കുന്ന ഫേക്ക് അസസ്‌മെന്റ് തുടങ്ങിയവ ചെറുകിട ഇടത്തരം വ്യാപാരമേഖലയെ തകർക്കുമെന്നും സംസ്ഥാന ട്രഷറർ എം. നസീർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പലിശരഹിത വായ്പകൾ അടിയന്തരമായി നൽകണമെന്നും ജി.എസ്.ടിയും സെസും ഉത്പാദകരംഗത്ത് നിന്ന് പിരിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ. മുഹമ്മദ് ആരിഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിജാം ബഷി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന. സെക്രട്ടറി ആർ. വിജയൻപിള്ള, ജില്ലാ ഭാരവാഹികളായ വി. ശശിധരൻ നായർ, സി.എസ്. മോഹൻദാസ്, സുബ്രു എൻ. സഹദേവ്, കെ.കെ. അശോക് കുമാർ, ഷിഹാബ് എസ്. പൈനുമൂട്, ഷിഹാൻ ബഷി, നുജൂം തേവലക്കര, ജി. കൃഷ്ണൻകുട്ടി നായർ, എച്ച്. സലീം, ഷാജഹാൻ പഠിപ്പുര, ഐ.വി. നെൽസൺ, റൂഷാ പി. കുമാർ എന്നിവർ സംസാരിച്ചു.