അഞ്ചാലുംമൂട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കടപ്പായിൽ നഴ്സിംഗ് ഹോം, കേരള പ്രതികരണവേദി, ഫ്രണ്ട്സ് ഒഫ് ബേർഡ്സ്, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുമൺ ദുരന്തത്തിന്റെ 31-ാം വാർഷിക ദിനാചരണം നടന്നു. മേയർ വി. രാജേന്ദ്രബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പെരുമൺ സ്മൃതി മണ്ഡപം എക്കാലവും ഓർമ്മകളിൽ നിലനിൽക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രക്ഷാപ്രവർത്തനത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവിതം വഴിമുട്ടി നിൽക്കുന്ന വിജയന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും മേയർ പറഞ്ഞു.
സമ്മേളനത്തിൽ ഡോ. കെ.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. അസി. പൊലീസ് കമ്മിഷണർ എ. പ്രദീപ് കുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. കെ. രാജശേഖരൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവി, പുന്തല മോഹൻ, മങ്ങാട് സുബിൻ നാരായണൻ, ജി. വിജയകുമാർ, പെരുമൺ ഷാജി തുടങ്ങിയവർ സംസാരിച്ചു.