police
കേരള എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്കൂളിൽ നടന്ന 'ചെറുമുകുളങ്ങളിൽ ബോധവത്കരണം' പരിപാടി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷൻ വിമുക്തിയുടെ ഭാഗമായി യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി 'ചെറുമുകുളങ്ങളിൽ ബോധവത്കരണം' ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്കൂളിൽ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ എച്ച്.എം ഗ്രേസി തോമസ്, കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ്, എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പ്രിവന്റീവ് ഓഫീസർ ഷഹറുദ്ദീൻ ക്ലാസ് നയിച്ചു. തുടർന്ന് വീഡിയോ പ്രദർശനവും നടന്നു.

ലഹരിയുടെ ഭീകരത ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടിക്കാലത്ത് തന്നെ ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ അവരുടെ മനസിനെ പാകപ്പെടുത്തുകയാണ് ബോധവത്കരണ പരിപാടിയുടെ ലക്ഷ്യം.