road
നിർമ്മാണം പൂർത്തീകരിച്ച ഉടൻ വാട്ടർ അതോറിറ്റി അധികൃതർ കുത്തിപ്പൊളിച്ച തടിക്കാട്-പൊലിക്കോട് റോഡ്

അഞ്ചൽ: നിർമ്മാണം പൂർത്തീകരിച്ച റോഡ് രണ്ട് ദിവസത്തിനു ശേഷം വാട്ടർ അതോറിറ്റി അധികൃതർ കുത്തിപ്പൊളിച്ചതായി പ്രദേശവാസികളുടെ പരാതി. തടിക്കാട് - പൊലിക്കോട് റോഡാണ് വാട്ടർ അതോറിറ്റി അധികൃതർ കുത്തിപ്പൊളിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതനുസരിച്ച് രണ്ട് ദിവസം മുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ പണി പൂർത്തിയായ ഉടൻ വാട്ടർ അതോറിറ്റി അധികൃതർ കൂടുതൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ പരാതി.

പൈപ്പ് ലൈനുകൾ നീക്കം ചെയ്തില്ല

ഈ റോഡിന്റെ പുനർ നിർമ്മാണത്തിന് നേരത്തേ ടെന്റർ നൽകുകയും കൊട്ടാരക്കര സ്വദേശി കരാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ റോഡിൽ നേരത്തേ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകൾ റോഡു നിർമ്മാണത്തിനായി നീക്കം ചെയ്ത് തരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് കരാറുകാരന്റെ പരാതി.