congress
കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ജീവനെടുത്തത് സി.പി.എമ്മിന്റെ ധാർഷ്ട്യവും അഹന്തയുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ പറഞ്ഞു. ആന്തൂരിലെ സാജന്റെ ആത്മഹത്യയ്‌ക്ക് കാരണക്കാരായ നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ധാർഷ്ട്യത്തെ മറികടക്കുന്നതാണ് പി.കെ. ശ്യാമളയുടെ ധാർഷ്ട്യമെന്ന് കേരളം കണ്ടതാണ്. ആന്തൂരിലെ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും വരെ പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിൻമാറില്ലെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.സി. രാജൻ, ജി. പ്രതാപവർമ്മ തമ്പാൻ, എ. ഷാനവാസ്ഖാൻ, സൂരജ് രവി, ജി. രതികുമാർ, എം.എം. നസീർ, കെ. സുരേഷ് ബാബു, എഴുകോൺ നാരായണൻ, ചിറ്റുമൂല നാസർ, കെ.ജി. രവി, കെ. കൃഷ്‌ണൻകുട്ടി നായർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് പ്രവർത്തകർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.