photo
മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ എം.ജി.ഡി ഗേൾസ് ഹൈസ്കൂളിൽ നടപ്പാക്കുന്ന 'വായിച്ചുവളരാം' പദ്ധതിയുടെ ഭാഗമായി മികച്ച വായനാക്കുറിപ്പ് തയ്യാറാക്കിയ സ്‌കൂൾ വിദ്യാർത്ഥിനി ദേവിക അജിത്തിനെ കാഷ് അവാർഡും ട്രോഫിയും നൽകി മുല്ലക്കര രത്‌നാകരൻ എം.എൽ.എ അനുമോദിക്കുന്നു

കുണ്ടറ: ജീവിത വിജയത്തിന് പുസ്‌തകങ്ങൾ വായിക്കുകയും ചുറ്റുപാടുകൾ മനസിലാക്കുകയും വേണമെന്നും വായന സ്വപ്നങ്ങളും ചിന്തകളും സമ്മാനിക്കുമെന്നും മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ എം.ജി.ഡി ഗേൾസ് ഹൈസ്‌കൂളിൽ നടപ്പിലാക്കുന്ന 'വായിച്ചുവളരാം' പദ്ധതിയുടെ ഭാഗമായി നടന്ന അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച വായനാക്കുറിപ്പ് തയ്യാറാക്കിയ സ്‌കൂൾ വിദ്യാർത്ഥിനി ദേവിക അജിത്തിനെ കാഷ് അവാർഡും ട്രോഫിയും നൽകി എം.എൽ.എ അനുമോദിച്ചു.

ലൈബ്രറി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ആർ. മോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ഗോപാലകൃഷ്ണൻ, കുണ്ടറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ|പേഴ്സൺ സിന്ധുരാജേന്ദ്രൻ, സ്‌കൂൾ എച്ച്.എം അലക്സ് തോമസ്, പി.ടി.എ സെക്രട്ടറി ജി. കുഞ്ഞുമോൻ, അദ്ധ്യാപകരായ തോമസ് ജോർജ്, സി. സൈജു, ആ‌ർ. ബൈജു എന്നിവർ സംസാരിച്ചു.

പദ്ധതി പ്രകാരം സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ച് മികച്ച വായനാക്കുറിപ്പ് തയ്യാറാക്കുന്ന വിദ്യാർത്ഥിനിക്ക് ഓരോ മാസവും കാഷ് അവാർഡും ട്രോഫിയും നൽകുമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.