അറസ്റ്റിലായത് വിഴിഞ്ഞം സ്വദേശി
പത്തനാപുരം: തമിഴ്നാട്ടിൽ നിന്നു കാറിൽ കൊണ്ടുവരികയായിരുന്ന നാനൂറ് കിലോ പാൻമസാല കുന്നിക്കോട് എക്സൈസ് സംഘം പിടികൂടി. വിഴിഞ്ഞം ആഴക്കുളം തുലവിള വീട്ടിൽ ജോജോയെ (32) അറസ്റ്റ് ചെയ്തു. വിപണിയിൽ ഇതിന് പതിനഞ്ചു ലക്ഷം രൂപ വിലവരും.
ചാക്കുകളിലായിരുന്നു സാധനം. ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കൈകാണിച്ചിട്ടും നിറുത്താതിരുന്ന വാഹനം നാട്ടുകാർ തടഞ്ഞു നിറുത്തുകയായിരുന്നു. പുറത്തിറങ്ങാൻ വിസമ്മതിച്ച ജോജോയുടെ കാറിന്റെ മുൻഭാഗത്തെ ചില്ലുകൾ നാട്ടുകാർ അടിച്ചു തകർത്തു. ഇതിനു മുമ്പും എക്സൈസും പൊലീസും കൈകാണിച്ചിട്ടും ജോജോ വാഹനവുമായി രക്ഷപ്പെട്ടിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ ബെന്നി ജോർജ്,രാജേഷ്,സന്തോഷ് വർഗീസ്,ഗീരിഷ് കുമാർ,അശ്വന്ത് എസ് സുന്ദരം,വീനിഷ്,മനു,ശ്രീനാഥ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.