ഉദ്ഘാടനം ചെയ്തത്: 2018ൽ
നിർമ്മിച്ചത്: 10.38കോടി രൂപ ചെലവിൽ
പ്രവർത്തിക്കുന്നത്: 16 ഓഫീസുകൾ
കൊട്ടാരക്കര: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിയും മുമ്പ് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ ചോർന്നൊലിക്കുന്നു. 2018 ജൂലായ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. രണ്ടാംഘട്ട നവീകരണം നടക്കുന്നതിനിടെയാണ് കെട്ടിടത്തിൽ ചോർച്ച കണ്ടെത്തിയത്. ഇതുമൂലം ഓഫീസുകളുടെ പ്രവർത്തനത്തിലും സാരമായ പ്രശ്നങ്ങളുണ്ട്. വലിയ തോതിൽ വെള്ളം ഒലിച്ചിറങ്ങിയതോടെ ഫ്രണ്ട് ഓഫീസിന്റെ പ്രവർത്തനം മാറ്റേണ്ടിവന്നു. ഈ ഭാഗത്താണ് കൂടുതൽ പ്രശ്നങ്ങൾ ഉള്ളത്. കെട്ടിടത്തിന്റെ ഭിത്തി പാളിയായി അടർന്നുവീഴുന്നുമുണ്ട്. വയറിംഗ് സാമഗ്രികളും പലയിടത്തും തകർന്നു.
പൈപ്പ് കണക്ഷനുകളും ശുചിമുറികളും തകർച്ചയിലാണ്. 10.38 കോടി രൂപ മുടക്കിയാണ് സിവിൽ സ്റ്റേഷൻ നിർമ്മിച്ചത്. നിർമ്മാണം തുടങ്ങിയ നാൾ മുതൽ വിവാദത്തിന് നടുവിലാണ് കെട്ടിടം. ഇടയ്ക്ക് കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. റീ ടെണ്ടറിന് ആലോചിച്ചപ്പോഴാണ് പിന്നീട് സമവായമുണ്ടാക്കി നിർമ്മാണം പൂർത്തിയാക്കിയത്. കെങ്കേമമായി ഉദ്ഘാടനവും നടത്തി. 16 ഓഫീസുകളുടെ പ്രവർത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഇപ്പോൾ ദുരിതങ്ങൾ ഏറിവരികയാണ്. ഭിത്തികളിൽ നിന്നും സിമന്റ് പാളികൾ അടർന്നുവീഴുന്നത് ജീവനക്കാരെ ഭയപ്പെടുത്തുന്നു. നിർമ്മാണ വേളയിലെ അപാകതകളാണ് ഇതിനെല്ലാം കാരണമായി ഉന്നയിക്കുന്നത്.
രണ്ടാംഘട്ടവും പൂർത്തീകരണത്തിലേക്ക്
സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലാണ്. ഒരു നിലയാണ് ഇപ്പോൾ നിർമ്മിക്കുന്നത്. ഇതിനായി 7കോടി 30 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. നിർമ്മാണം പൂർത്തിയായാൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസ്, ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസ്, സർവേ ഓഫീസുകൾ, ഡയറി ഡെവലപ്മെന്റ് ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, ഇൻസ്പെക്ടിംഗ് അസി. കമ്മിഷണർ ഓഫീസ്, കൊമേഴ്സ്യൽ ടാക്സ് ഓഫീസ്, ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസ് എന്നീ ഓഫീസുകൾ കൂടി സിവിൽ സ്റ്റേഷനിലേക്ക് മാറ്റും. ഒപ്പം കോൺഫറൻസ് ഹാൾ, വിശ്രമ മുറി, കാന്റീൻ തുടങ്ങിയവയും ഇവിടെയൊരുക്കും. കൊട്ടാരക്കര തമ്പുരാൻ സ്മാരക മ്യൂസിയം പ്രവർത്തിപ്പിക്കുന്നതിനുള്ള സ്ഥലം കൂടി ഇവിടെ ലഭ്യമാക്കാനാണ് ആലോചന.
ചെലവ്: 7കോടി 30 ലക്ഷം