കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ മത്സ്യമാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ 375 കിലോഗ്രാം തൂക്കം വരുന്ന പഴകിയതും പുഴുവരിച്ചതുമായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ മായം കലർന്നതും കേടുവന്നതുമായ മത്സ്യം വിൽക്കുന്നത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു പരിശോധന.
മൂന്നാംമൂട്, ആലുംമുക്ക്, പുതിയകാവ് മത്സ്യ മാർക്കറ്റുകൾ കന്നേറ്റിയിലെ കമ്മീഷൻ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്നാംമൂട്ടിലും ആലുമുക്കിലും ഫ്രഷ് മത്സ്യങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. പുതിയകാവ് മത്സ്യ മാർക്കറ്റിൽ നിന്ന് മാത്രമായി 175 കിലോഗ്രാം തൂക്കം വരുന്ന പഴകിയതും പുഴുവരിച്ചതുമായ മത്സ്യം കണ്ടെടുത്തു. കന്നേറ്റിയിലെ കമ്മിഷൻ കടകളിൽ നിന്നും 200 കിലോഗ്രാമോളം പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിറഞ്ഞ് പുതിയകാവ് മാർക്കറ്റിലെ കച്ചവടക്കാർ ചാക്കിൽ കെട്ടി ഒളിപ്പിച്ച മത്സ്യങ്ങൾ കണ്ടെത്തി നശിപ്പിക്കുകയായിരുന്നു. രാസവസ്തു തളിച്ച് വില്പനക്കായി വച്ചിരുന്ന മീനും പിടിച്ചെടുത്തു. രാവിലെ 6.30ന് ആരംഭിച്ച പരിശോധന 10 മണിയോടെയാണ് അവസാനിച്ചത്. അനീഷ ശ്രീനന്ദ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഷറഫ്, ശ്യാംകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർക്കശമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.