ചാത്തന്നൂർ: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മാണം നടത്തിയിട്ടും മൂന്ന് തവണ കൊട്ടിഘോഷിച്ച് ഉദ്ഘാടന പരമ്പരകൾ തന്നെ നടത്തിയിട്ടും ചാത്തന്നൂരിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു ബസ് പോലും കയറുന്നില്ല. സിവിൽ സ്റ്റേഷന് സമീപം ഒരേക്കർ സ്ഥലത്ത് 79 ലക്ഷം രൂപയോളം ചെലവഴിച്ച നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തിയ ബസ് സ്റ്റാൻഡാണ് വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്നത്.
2012ലാണ് വ്യവസായ വകുപ്പിൽ നിന്ന് ഏറ്റെടുത്ത ഒരേക്കർ സ്ഥലത്ത് ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ മുടക്കി ചാത്തന്നൂർ പഞ്ചായത്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. തുടർന്ന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് കാത്തിരിപ്പ് കേന്ദ്രവും വിശ്രമമുറിയും ഉൾപ്പെടെ നിർമ്മിച്ചു. പി.ഡബ്ളിയു.ഡിയാണ് മരാമത്ത് പണികൾ നടത്തിയത്. നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് 2015ലാണ് ബസ് സ്റ്റാൻഡിന്റെ ആദ്യത്തെ ഉദ്ഘാടനം നടന്നത്.
എന്നാൽ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്റെ നിസഹകരണം മൂലം പിന്നീട് ഒരു ദിവസം പോലും പ്രവർത്തിക്കാനുള്ള ഭാഗ്യം പുതിയ ബസ് സ്റ്റാൻഡിനുണ്ടായില്ല. ഇതേതുടർന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ സ്റ്റാൻഡിന്റെ മുൻവശത്തെ കുളം അപകടത്തിന് കാരണമാകുമെന്ന ന്യായമാണ് അസോസിയേഷൻ ഭാരവാഹികൾ ഉന്നയിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 11 രൂപ ചെലവഴിച്ച് കുളത്തിന് സംരക്ഷണ വേലി നിർമ്മിക്കുകയും 2018ൽ ബസ് സ്റ്റാൻഡിന്റെ രണ്ടാമത്തെ ഉദ്ഘാടനവും ആഘോഷമായി തന്നെ നടത്തുകയും ചെയ്തു. എന്നിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ 2019ൽ വീണ്ടും ഒരു ഉദ്ഘാടനം കൂടി അരങ്ങേറിയെങ്കിലും സ്ഥിതി പഴയതു പോലെ തന്നെ തുടരുകയാണ്.
പെർമിറ്റില്ല
ചാത്തന്നൂർ ജംഗ്ഷനിൽ നിന്ന് തിരിയുന്ന ബസുകൾക്ക് തിരുമുക്ക് വരെ മാത്രമേ പെർമ്മിറ്റുള്ളുവെന്നാണ് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഇപ്പോൾ പറയുന്നത്. പെർമ്മിറ്റ് സ്റ്റാൻഡ് വരെ നീട്ടിക്കിട്ടുന്നതോടെ ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാകുമെന്നാണ് അവരുടെ വാദം.
ദുരിതത്തിലായത് ജനങ്ങൾ
പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കിയതോടെ നാട്ടുകാർക്ക് ആശ്വാസമായിരുന്നു. സ്റ്റാൻഡിന് സമീപം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര, പരവൂർ, ചിറക്കര, പൂതക്കുളം എന്നിവിടങ്ങളിൽ നിന്ന് ഇവിടേയ്ക്ക് വരുന്ന വിദ്യാർത്ഥികളും ജീവനക്കാരും രണ്ട് കിലോമീറ്റർ ദൂരെയുള്ള ചാത്തന്നൂർ ജംഗ്ഷനിലാണ് ബസ് കയറാനായി ഇപ്പോൾ പോകുന്നത്. ഓരോ തവണയും ഉദ്ഘാടനം പൊടിപൊടിക്കുമ്പോൾ തങ്ങളുടെ ബുദ്ധിമുട്ട് മാറുമെന്ന പ്രതീക്ഷയിലാണ് ഇവർ.
പ്രവർത്തനമില്ലാതായതോടെ ബസ് സ്റ്റാൻഡ് തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാര കേന്ദ്രമായി മാറിയതോടെ അതും സഹിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.
മൂന്ന് പ്രാവശ്യം ഉദ്ഘാടനം ചെയ്തിട്ടും ബസ് കയറാത്ത കേരള ചരിത്രത്തിലെ തന്നെ ഒരേയൊരു ബസ് സ്റ്റാൻഡാണ് ചാത്തന്നൂരിലേത്. അടിയന്തരമായി സ്റ്റാൻഡ് പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം.
ചാത്തന്നൂർ മുരളി
കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ്
ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാകാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം
കളിയാകുളം ഉണ്ണി
പഞ്ചായത്തംഗം
ചെലവഴിച്ചത് 79 ലക്ഷം
പ്രാരംഭ പ്രവർത്തനങ്ങൾ 5 ലക്ഷം രൂപ
നിർമ്മാണം 60 ലക്ഷം രൂപ
ഉദ്ഘാടന പരിപാടികൾ 3 ലക്ഷം രൂപ
കുളത്തിന് സംരക്ഷണ ഭിത്തി നിർമ്മാണം 11 ലക്ഷം രൂപ
ഭൂമി ഏറ്റെടുത്തത് 2012ൽ
ഉദ്ഘാടനം 1: 2015
ഉദ്ഘാടനം 2: 2018
ഉദ്ഘാടനം 3: 2019