girl
GIRL

സാമൂഹിക വിരുദ്ധ ശല്യവും നഗ്നതാ പ്രദർശനവും പതിവാകുന്നു

കൊല്ലം: പൊലീസിന്റെ നിരന്തര പരിശോധനകൾ ഇല്ലാതെ വന്നതോടെ കർബലയിൽ വീണ്ടും സാമൂഹ്യവിരുദ്ധർ കേന്ദ്രീകരിക്കുന്നു. ആയിരക്കണക്കിന് പെൺകുട്ടികൾ രാവിലെയും വൈകിട്ടും കടന്നുപോകുന്ന ജംഗ്ഷനിൽ സാമൂഹിക വിരുദ്ധർ എല്ലാ പരിധികളും ലംഘിക്കുകയാണ്. അശ്ലീല ചുവയുള്ള ആംഗ്യങ്ങളും സംസാരങ്ങളും മുതൽ നഗ്നതാ പ്രദർശനം വരെ പതിവാണിപ്പോൾ.

നിരവധി വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ കർബല വഴിയാണ് കോളേജുകളിലേക്കും തിരികെ ബസ് സ്റ്റോപ്പിലേക്കും പോകുന്നത്. പരാതികൾ വ്യാപകമായപ്പോൾ പൊലീസ് നിരീക്ഷണം തുടങ്ങിയിരുന്നു. ഇതോടെ സാമൂഹ്യവിരുദ്ധർ താത്കാലികമായി പിൻവാങ്ങി. പകൽ സമയത്ത് ശല്യം ഇല്ലായിരുന്നെങ്കിലും അതിരാവിലെയും സന്ധ്യ കഴിഞ്ഞും ട്യൂഷൻ ക്ലാസുകൾക്ക് പോകുന്ന കുട്ടികൾക്ക് ഉപദ്രവം തുടർന്നു.

വിദ്യാർത്ഥിനികളെ പിന്തുടർന്ന് ശല്യം ചെയ്‌ത സംഭവങ്ങൾ പലപ്പോഴുമുണ്ടായി. കുട്ടികൾ ബഹളം വെച്ചപ്പോൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട അക്രമികളെ പൊലീസ് പിന്തുടർന്ന് പിടികൂടിയിട്ടുണ്ടെങ്കിലും രക്ഷിതാക്കൾ പരാതിയുമായി മുമ്പോട്ട് പേകാത്തതിനാൽ എല്ലാവരും രക്ഷപ്പെടുകയായിരുന്നു. സന്ധ്യ മയങ്ങിയാൽ ഇതുവഴി നടക്കാൻ ഭയപ്പെടുകയാണ് കുട്ടികളിപ്പോൾ. കുട്ടികൾ സംഘമായി പോയാലും ബൈക്കുകളിലെതത്തി അശ്ലീല പ്രദർശനം നടത്താനും ഇക്കൂട്ടർക്ക് മടിയില്ല.

 റെയിൽവേ മേൽപ്പാലവും പരിസരവും കയ്യടക്കി

കർബലയിൽ നിന്ന് ശങ്കേഴ്സ് ആശുപത്രി ബസ് സ്റ്റാൻഡിലെത്താൻ ആയിരക്കണക്കിന് കുട്ടികൾ ആശ്രയിക്കുന്നത് റെയിൽവേയുടെ മേൽപ്പാലത്തെയാണ്. ഇതിന്റെ താഴെയും പരിസരങ്ങളിലുമായാണ് സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നത്. മദ്യവും മയക്കുമരുന്നും പതിവാക്കിയ സ്ഥിരം ക്രിമിനലുകൾ മുതൽ നഗ്നതാ പ്രദർശനത്തെ വിനോദമാക്കിയ 'മാന്യൻമാർ' വരെ സംഘത്തിലുണ്ട്. പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെങ്കിലും പരാതികളില്ലാത്തതിനാൽ കാര്യമായ ശിക്ഷ ആർക്കും ലഭിച്ചില്ല

 പവർ ബൈക്കുകളിലെ താരങ്ങൾ

കോളേജുകളിൽ നിന്ന് കുട്ടികൾ കൂട്ടമായി പുറത്തിറങ്ങുന്ന സമയത്ത് പവർ ബൈക്കുകളിൽ പറന്ന് നടക്കുന്ന ഒരു കൂട്ടർ ഇവിടെയുണ്ട്. ബൈക്കിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് പെൺകുട്ടികൾ തങ്ങളെ നോക്കണമെന്ന് ആഗ്രഹിക്കുന്ന നിർദോഷികൾ മുതൽ സമാനതകളില്ലാത്ത ക്രിമനലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. എന്തിനും ഏതിനും പ്രതികരിക്കാൻ മുമ്പിൽ നിൽക്കുന്ന നഗരത്തിലെ വിദ്യാർത്ഥി സംഘടനകൾ കർബലയിലെ സാമൂഹിക വിരുദ്ധരുടെ കാര്യത്തിൽ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്.

......................

സാമൂഹ്യവിരുദ്ധശല്ല്യം സഹിക്ക വയ്യാതെയാണ് പലപ്പോഴും കോളേജിൽ നിന്ന് മടങ്ങുന്നത്. വീട്ടിൽ മടങ്ങിയെത്തി അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ ദിവസങ്ങളുണ്ട്. സമാധാനമായി പഠിക്കാനും യാത്ര ചെയ്യാനും പൊലീസിന്റെ സഹായം കിട്ടിയേ തീരൂ.

(കർബലയിലൂടെ യാത്ര ചെയ്യുന്ന ഒരു വിദ്യാർത്ഥിനി കേരളകൗമുദിയോട് പറഞ്ഞത്)

ഭീഷണിയുടെ നടുവിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ

എസ്.എൻ കോളേജ്

എസ്.എൻ വനിതാ കോളേജ്

ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജ്

ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ്

ഫാത്തിമ മാതാ നാഷണൽ കോളേജ്