സാദ്ധ്യതാ റിപ്പോർട്ടും രൂപരേഖയും തയ്യാറാക്കാൻ ഐ.പി.ആർ.സി.എല്ലുമായി കരാർ
കടന്നുപോകുന്ന പ്രദേശങ്ങൾ നിശ്ചയിക്കണം
വലിയതോതിൽ ഭൂമി ഏറ്റെടുക്കണം
കൊല്ലം: കൊല്ലം തുറമുഖത്തേക്ക് റെയിൽപ്പാത നിർമ്മിക്കാനുള്ള സാങ്കേതിക സാമ്പത്തിക സാദ്ധ്യതാ റിപ്പോർട്ടും വിശദരൂപരേഖയും തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ പോർട്ട് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ (ഐ.പി.ആർ.സി.എൽ) സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി. നേരത്തെ കൊല്ലം തുറമുഖം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ഐ.പി.ആർ.സി.എൽ സംഘം അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് രൂപരേഖ തയ്യാറാക്കാനുള്ള കൺസൾട്ടൻസിയായി നിശ്ചയിച്ചത്.
റെയിൽവേ സ്റ്റേഷൻ തൊട്ടടുത്തുള്ള തുറമുഖങ്ങളിലൊന്നാണ് കൊല്ലം. എന്നാൽ റെയിൽപ്പാത നിർമ്മാണത്തിനായി വലിയ അളവിൽ ഭൂമിയേറ്റെടുക്കേണ്ടി വരും. ഇതിനുള്ള തുക കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിൽ നിന്ന് ലഭിക്കും. എന്നാൽ ഇതിന് ആനുപാതികമായ ചരക്ക് നീക്കം ഉണ്ടാകുമോയെന്നാണ് സാമ്പത്തിക സാദ്ധ്യതാ പഠനത്തിൽ പരിശോധിക്കുക. റെയിൽപാത കൊല്ലം തുറമുഖം വഴിയുള്ള ചരക്ക് നീക്കം വൻതോതിൽ വർദ്ധിപ്പിക്കുമെന്നാണ് പോർട്ട് അധികൃതരും ഷിപ്പിംഗ് ഏജന്റുമാരും പറയുന്നത്. 41 ലക്ഷം രൂപയാണ് സാങ്കേതിക സാമ്പത്തിക സാദ്ധ്യതാ പഠനവും വിശദ രൂപരേഖയും തയ്യാറാക്കാനുള്ള കൺസൾട്ടൻസി തുക.
കൺസൾട്ടൻസി തുക
41 ലക്ഷം
സാദ്ധ്യത
1.വിദേശരാജ്യങ്ങളിൽ നിന്നുള്ള ചരക്ക് കൊല്ലം തുറമുഖത്തെത്തിച്ച് റെയിൽ ഗതാഗതം വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം.
2. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ, സിമന്റ്, വളം, അലുമിനിയം കോയിൽ മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയവയും കൊല്ലത്തെത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാം. 3. ഇപ്പോൾ കൊച്ചിയിലെത്തിച്ച് ലോറികളിൽ കൊണ്ടുപോകുന്ന വളം, സ്റ്റീൽ എന്നിവയുടെ നീക്കത്തിലാണ് കൊല്ലത്ത് കൂടുതൽ സാദ്ധ്യതയുള്ളത്.
നേട്ടം
കൊല്ലം തുറമുഖം വഴിയുള്ള ചരക്ക് നീക്കം ഉയരും
ലോറി വഴിയുള്ള ചരക്ക് നീക്കം കുറയുന്നതോടെ പരിസര മലിനീകരണവും ഗതാഗത കുരുക്കും കുറയും
ചരക്ക് നീക്കത്തിന്റെ ചെലവ് കുറയും
ലോഡിംഗ് തൊഴിലാളികൾക്ക് സ്ഥിരമായി ജോലി ലഭിക്കും