കൊല്ലം: നവീകരണത്തിന്റെ ഭാഗമായി തുറന്ന ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾ ആഴ്ചകളായിട്ടും തിരികെ സ്ഥാപിക്കുകയോ നവീകരണം നടത്തുകയോ ചെയ്യുന്നില്ലെന്ന് പരാതി. കൊച്ചുപിലാംമൂട് - പള്ളിത്തോട്ടം റോഡിൽ തോപ്പ് പള്ളിക്ക് സമീപം റോഡരികിൽ നിരത്തി വച്ചിരിക്കുന്ന സ്ലാബുകൾ അപകട ഭീഷണിയായിട്ടും മാറ്റാൻ നടപടിയില്ല.
രണ്ട് വാഹനങ്ങൾ ഒരേസമയം എത്തിയാൽ കാൽനടയാത്രക്കാരാണ് വലയുന്നത്. അമിതവേഗതയിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. വീതികുറഞ്ഞ റോഡിലെ ഓടയുടെ സ്ലാബുകൾ റോഡിലേക്കാണ് എടുത്തുവച്ചിരിക്കുന്നത്. ഈ ഭാഗത്ത് റിബൺ കെട്ടി അപകട മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും മുടങ്ങിയ ഓട നവീകരണം അനിശ്ചിതത്വത്തിലാണ്.
സമീപത്ത് കൊച്ചുകുട്ടികൾ പഠിക്കുന്ന എൽ.പി സ്‌കൂളും ആരാധാനാലയവും ഉണ്ട്. അതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും തിരക്ക് സാധാരണയാണ്. റോഡിന്റെ പ്രധാന വളവിലാണ് ഈ ഓട എന്നതും ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നുണ്ട്. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പുറമെ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. ബീച്ച് അടുത്തായതിനാൽ സഞ്ചാരികളും ഈ വഴി തിരഞ്ഞെടുക്കുന്നുണ്ട്.
ഓട നവീകരണം അടിയന്തരമായി പൂർത്തിയാക്കി റോഡരികിൽ വച്ചിരിക്കുന്ന സ്ലാബുകൾ നിരത്തി ഓട മൂടണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.
''പ്രദേശത്ത് ഓട നവീകരണത്തിനായി സ്ലാബുകൾ മാറ്റിയപ്പോൾ തന്നെ റിബൺ കെട്ടി തിരിച്ചിരുന്നു. ഉദ്യോഗസ്ഥർ എത്തി സൈറ്റ് ഇൻസ്‌പെക്ഷനും നടത്തി. മഴക്കാലം ആരംഭിച്ചതോടെയാണ് പണികൾ വൈകിയത്. അടുത്ത ദിവസങ്ങളിൽ തന്നെ പണികൾ ആരംഭിക്കും.''
വിനീതാ വിൻസെന്റ്
(വാർഡ് കൗൺസിലർ)