കൊല്ലം: കർബലയിലെ സാമൂഹ്യ വിരുദ്ധ സംഘങ്ങളെ പിടികൂടാനായി പൊലീസ് നടപടി ശക്തമാക്കും. പെൺകുട്ടികളെ ശല്യം ചെയ്യാനും നഗ്നതാ പ്രദർശനത്തിനുമെത്തുന്ന സാമൂഹ്യ വിരുദ്ധരെ പൂർണമായും കർബലയിൽ നിന്ന് ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കം. അറസ്റ്റിന് ശ്രമിക്കുമ്പോൾ പിടി തരാതെ രക്ഷപ്പെടുന്നവരെ കുടുക്കാൻ കൂടുതൽ പൊലീസിന്റെ സേവനം ആവശ്യമെങ്കിൽ കൺട്രോൾ റൂം, ഈസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സേനാംഗങ്ങളെ എത്തിക്കും. നഗ്നതാ പ്രദർശനത്തിനായി 'ഞരമ്പ് രോഗികൾ' കേന്ദ്രീകരിക്കുന്ന റെയിൽവേ മേൽപ്പാലവും ഇനി മുതൽ പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. അസ്വാഭാവികമായി ഇവിടെ നിൽക്കുന്നവരും ഇതു വഴി നടക്കുന്നവരും ഇനി മുതൽ പൊലീസിന് മറുപടി നൽകേണ്ടി വരും.
പിടിയിലായാൽ 'ഊരിപ്പോക്ക്' നടക്കില്ല, അകത്താക്കും
കർബലയിൽ നഗ്നതാ പ്രദർശനവും അശ്ലീല ചേഷ്‌ട്ടകളും കാട്ടുന്നതിനിടെ അറസ്റ്റിലായാൽ പഴയത് പോലെ ഊരിപ്പോകാൻ ഇനി കഴിയില്ല. കർശനമായ നിയമ നടപടികളിലൂടെ ഇത്തരക്കാരെ അകത്താക്കാനൊരുങ്ങുകയാണ് പൊലീസ്. മുൻപ് ആക്രമണത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കൾ മാനഹാനി ഭയന്ന് പരാതിയുമായി മുന്നോട്ട് പോകാത്തതിനാൽ ഇത്തരക്കാർ കേസിൽ നിന്ന് ഊരിപ്പോകുന്നത് പതിവായിരുന്നു. ഇനി മുതൽ പരാതിക്കാർ പിൻമാറിയാലും ശക്തമായ വകുപ്പുകൾ ചുമത്തി നഗ്നതാ പ്രദർശനം നടത്തുന്നവരെ അകത്തിടും.
കർബലയിലെ സാമൂഹ്യ വിരുദ്ധരെ കർശനമായി അമർച്ച ചെയ്യും. കർബലയിലും പരിസരങ്ങളിലും രാവിലെയും വൈകിട്ടും പിങ്ക് പൊലീസിന്റെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധർ കൂടുതലെത്തുന്ന സാഹചര്യത്തിൽ പൊലീസിന്റെ ഷാഡോ സംഘത്തെക്കൂടി നിയോഗിക്കും. പിടിയിലാകുന്നവർക്കെതിരെ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കും.
എ. പ്രദീപ് കുമാർ
അസി. കമ്മിഷണർ, കൊല്ലം
ഷാഡോ പൊലീസ്
നിലവിലെ പിങ്ക് പൊലീസ് പട്രോളിംഗിന് പുറമെ കൂടുതൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരെയും കർബലയിൽ നിയോഗിക്കും. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാൽ ഓടി രക്ഷപ്പെടുന്നതാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ രീതി. ഫാത്തിമ കോളേജിന്റെ മതിൽക്കെട്ട് ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മാസങ്ങൾക്ക് മുമ്പ് പിങ്ക് പൊലീസ് പിന്നാലെ ഓടി പിടികൂടിയിരുന്നു.
ബൈക്ക് അഭ്യാസക്കാർ കുടങ്ങും
പവർ ബൈക്കുകളിൽ അരോചകമായ ശബ്ദമുണ്ടാക്കിക്കൊണ്ട് അമിത വേഗതയിൽ കോളേജിന്റെ പരിസരങ്ങളിലൂടെ പറക്കുന്ന ഫ്രീക്കൻമാരും കുടുങ്ങും. ഹെൽമറ്റ്, ലൈസൻസ്, വാഹനങ്ങളുടെ രജിസ്ട്രേഷൻ - ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കാൻ ഉദ്യോഗസ്ഥരുണ്ടാകും. രേഖകളെല്ലാം കൃത്യമാണെന്ന ധാരണയിൽ ബൈക്കിന് വേഗത കൂട്ടിയാൽ അപകടകരമായ ഡ്രൈവിംഗിനും അമിത വേഗതയ്‌ക്കും പിടി വീഴും.
1515 അമർത്തിയാൽ വിളിപ്പുറത്ത് പിങ്ക് പൊലീസ് എത്തും
100 വിളിച്ചാൽ പൊലീസ് കൺട്രോൾ റൂം സഹായം ലഭിക്കും