കൊല്ലം: മാലിന്യം വലിച്ചെറിയരുതെന്ന് ജനങ്ങളെ ഉപദേശിക്കുന്ന നഗരസഭ തന്നെ താമരക്കുളത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി ചണ്ടി ഡിപ്പോയാക്കി മാറ്റുന്നു. ബെൻസിഗർ ആശുപത്രിക്ക് മുന്നിൽ നിന്ന് ശിവൻകോവിലിലേക്കുള്ള റോഡിൽ കേരളാ റോഡ്‌വെയ്സ് പാഴ്സൽ സർവീസിന് എതിർവശത്തെ ഒഴിഞ്ഞ സ്ഥലമാണ് ദിവസേന മാലിന്യം കുമിഞ്ഞുകൂടി മിനി ചണ്ടി ഡിപ്പോയായി മാറുന്നത്.
മാലിന്യം കുന്നുകൂടുന്ന സ്വകാര്യഭൂമിയുടെ പിന്നിൽ ഇപ്പോൾ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊല്ലം വികസന അതോറിറ്റിയുടെ ഭൂമിയാണ്. ഇവിടേക്ക് പോകാൻ റോഡിൽ നിന്ന് ചെറിയ വഴിയുമുണ്ട്. ദൂരെ സ്ഥലത്ത് താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയും വികസന അതോറിറ്റിയുടെ സ്ഥലവും തമ്മിൽ മതിൽ കെട്ടി വേർതിരിച്ചിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ലോറികളിലാക്കി നഗരസഭ വികസന അതോറിറ്റിയുടെ ഭൂമിയിലാണ് നാളുകളായി നിക്ഷേപിക്കുന്നത്. ഇതോടെ ഇവിടം മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമാണെന്ന് തെറ്റിദ്ധരിച്ച് പൊതുജനങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കവറുകളിലാക്കി ഇവിടെ തള്ളുകയാണ്. ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ ഭൂമിയും കവിഞ്ഞ് മാലിന്യം റോഡിലേക്ക് വ്യാപിക്കുകയാണ്.
കച്ചവട സ്ഥാപനങ്ങൾക്ക് പുറമേെ നിരവധി കുടുംബങ്ങളും സമീപത്ത് താമസിക്കുന്നുണ്ട്. മഴ പെയ്ത് തുടങ്ങിയതോടെ മാലിന്യം അഴുകി അസഹ്യമായ ദുർഗന്ധത്തോടൊപ്പം പകർച്ചവ്യാധി ഭീഷണിയും ഉയർത്തുകയാണ്. തെരുവ് നായകളുടെ ശല്യം കാരണം കാൽനട യാത്രക്കാർക്കുൾപ്പെടെ ഇതുവഴി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.
''വികസന അതോറിറ്റിയുടെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് നിറുത്തണമെന്ന് പലതവണ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടതാണ്. മാലിന്യം നിക്ഷേപിക്കാതിരിക്കാൻ മതിൽകെട്ടണമെന്ന് വസ്തു ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ''
എ.കെ. ഹഫീസ് (കൗൺസിലർ)