photo
പെരുങ്ങള്ളൂർ കോഴിപ്പാലം നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയ മന്ത്രി കെ.. രാജു

അഞ്ചൽ: പുനലൂർ, ചടയമംഗലം മണ്ഡലങ്ങളെയും ഇടമുളയ്ക്കൽ, ഇട്ടിവ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പെരുങ്ങള്ളൂർ കോഴിപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി കെ. രാജുവെത്തി. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ച് പാലം സന്ദർശിക്കാനെത്തിയ മന്ത്രിയെ വാർഡ് മെമ്പർ സിബിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിച്ചു.

നിലവിലുണ്ടായിരുന്ന പാലത്തിന് വീതി കുറവായിരുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുമായിരുന്നില്ല. കാൽനടയാത്രികർക്ക് മാത്രമായിരുന്നു പാലം ആശ്രയമായിരുന്നത്. മഴക്കാലമാകുമ്പോൾ ഇവർക്കും യാത്ര ദുഷ്കരമായിരുന്നു. ഇത്തിക്കരയാറ്റിലെ ജലം കനത്തമഴയെത്തുടർന്ന് പാലത്തിന് മുകളിലൂടെ ഒഴുകുന്നതായിരുന്നു ജനങ്ങളെ ഭയപ്പെടുത്തിയിരുന്നത്. ഇതാണ് പുതിയ പാലം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് കാരണം.

മന്ത്രി ആയ ശേഷം ആദ്യമായി പെരുങ്ങള്ളൂരിൽ എത്തിയ മന്ത്രി കെ. രാജു കോഴിപ്പാലം പുനർനിർമ്മിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. കോൺഗ്രസ് നേതാവും വി.എസ്.എസ്ജില്ലാ പ്രസിഡന്റുമായ ലിജു ആലുവിള, അഡ്വ. സൈമൺ അലക്സ്, ജി.എസ്.അജയകുമാർ, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയർ കെ.രാഹുൽ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മന്ത്രിയായ ശേഷം ആദ്യം പെരിങ്ങള്ളൂരിൽ എത്തിയപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദ്ധനമാണ് കോഴിപ്പാലം പുനർനിർമ്മിക്കുമെന്നത്. 70 വർഷത്തോളം പഴക്കമുള്ള പാലം പുനർനിർമ്മിക്കണമെന്നത് ജനങ്ങളുടെ നീണ്ടനാളായുള്ള ആവശ്യമായിരുന്നു. പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

അടുത്ത ഓണത്തോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മന്ത്രി കെ. രാജു

പുതിയ പാലം 3.75 കോടി രൂപ ചെലവിൽ

40 മീറ്റർ നീളം

7.5 മീറ്റർ വീതി

കാൽ നടയാത്രികർക്ക് 1.5 വീതിയിൽ നടപ്പാത

പ്രയോജനം 2 മണ്ഡലങ്ങൾക്ക്