photo
കടൽ തിരമാലകൾ അടിച്ച് കയറുന്ന ആലപ്പാട് സെൻട്രൽ

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം ശക്തം. ഇന്നലെ വൈകിട്ടോടെയാണ് തീരത്തെ ഭീതിയുടെ നടുവിലാക്കി കടൽക്ഷോഭം ആരംഭിച്ചത്. സംരക്ഷണഭിത്തികൾ തകർന്ന ഭാഗത്തുകൂടിയാണ് തിരമാലകൾ കരയിലേക്ക് അടിച്ച് കയറുന്നത്. അഴീക്കൽ തെക്ക്, ജയന്തി കോളനി, കഴുകൻ തുരുത്ത്, ആലപ്പാട് സെൻട്രൽ, പണ്ടാരതുരുത്ത്, വെള്ളനാതുരുത്ത് എന്നിവിടങ്ങളിലാണ് തിരമാലകൾ ഏറെ നാശം വിതച്ചത്. നിരവധി വീടുകളിൽ വെള്ളം കയറി. തീരവും പലസ്ഥലങ്ങളിലും കടലെടുത്തു. കടൽഭിത്തി പലസ്ഥലങ്ങളിലും തകർന്നതാണ് കടലാക്രമണത്തിന്റെ ശക്തി വർദ്ധിക്കാൻ കാരണം.

കഴിഞ്ഞമാസവും സമാനമായ കടലാക്രമണം മേഖലയിൽ ഉണ്ടായിരുന്നു,

തുടർന്ന് കരിങ്കൽ ഭിത്തികൾ ബലപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗം തീരുമാനിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ തുടർനടപടികൾ ഉണ്ടാകാത്തതാണ് തിരിച്ചടിയായത്. ഇതോടെ തീരദേശവാസികൾ ദുരിതക്കടലിൽ അകപ്പെട്ടു. തങ്ങളുടെ വീടും ജീവനോപാധികളും കടലെടുക്കുന്നത് നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ ഇവർക്ക് കഴിയുന്നുള്ളൂ. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി തീരസംരക്ഷണ ഭിത്തി ബലപ്പെടുത്തുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അലംഭാവവും അനാസ്ഥയും ഒരു ഗ്രാമത്തിന്റെ ജീവിതമാണ് തകർക്കുന്നത്. തീരദേശ സംരക്ഷണത്തിന്റെ കാര്യത്തിൽ അധികൃതർ നിസംഗതയാണ് പുലർത്തുന്നതെന്നാണ് തീരദേശവാസികൾ പറയുന്നത്.

സുനാമി ദുരന്തത്തിന് ശേഷം കടൽഭിത്തിയുടെ നിർമ്മാണത്തിൽ അധികൃതർ അലംഭാവമാണ് കാണിക്കുന്നത്. പുലിമുട്ടുകളുടെ നീളക്കുറവാണ് കടലാക്രമണം രൂക്ഷമാകാനുള്ള പ്രധാന കാരണം. ശക്തമായ തിരമാലകളെ ചെറുക്കാൻ ഇവയ്ക്ക് സാധിക്കുന്നില്ല. കടലിൽ നൂറുമീറ്റർ ഉളളിലേക്കെങ്കിലും പുലിമുട്ടി നിർമ്മിക്കണം.

സുഭാഷ്, മത്സ്യത്തൊഴിലാളി ചെറിയഴീക്കൽ

ഭീഷണിയുടെ നടുവിൽ

01. അഴീക്കൽ തെക്ക്

02. ജയന്തി കോളനി

03. കഴുകൻ തുരുത്ത്

04. ആലപ്പാട് സെൻട്രൽ

05. പണ്ടാരതുരുത്ത്

06. വെള്ളനാതുരുത്ത്