park
പുനലൂർ നഗരസഭയിലെ തൊളിക്കോട്ട് സ്ളഡ്ജ് ലഗൂണിനോട് ചേർന്ന് നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പാർക്കിന്റെ മാതൃക

പുനലൂർ: കിഴക്കൻ മലയോര മേഖലയിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി പുനലൂർ നഗരസഭയിലെ തൊളിക്കോട്ട് സ്ലഡ്ജ് ലഗൂണിനോട് ചേർന്ന് പാർക്ക് ഒരുങ്ങുന്നു. ടൂറിസം വകുപ്പും നഗരസഭയും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് പുറംതള്ളുന്ന ചെളിയും മാലിന്യവും സംഭരിക്കാൻ നിർമ്മിച്ച ലഗൂണിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത ഭൂമിയിലാണ് പാർക്ക് സജ്ജമാകുന്നത്. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ നേരത്തേ പരിശോധന നടത്തി വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് മന്ത്രി കെ. രാജുവിന്റെ ചേംബറിൽ സംയുക്ത യോഗം ചേർന്ന് പദ്ധതിയെപ്പറ്റി ചർച്ച നടത്തി. പാർക്കിനാവശ്യമായ ഭൂമിയും സംരക്ഷിക്കപ്പെടേണ്ട സ്ഥലവും ഉദ്യോഗസ്ഥർ നേരത്തേ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഭരണാനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കും.

 നിർമ്മാണ ചുമതല ഹാബിറ്റാറ്റിന്

സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാകും പാർക്കിന്റെ നിർമ്മാണ ചുമതല. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം ഒഴിവാക്കി ശേഷിക്കുന്ന ഭൂമിയിലാകും പാർക്ക് സജ്ജമാക്കുക. സോളാർ പാനൽ അടക്കമുള്ള ബൃഹത്തായ പദ്ധതികളാണ് പാർക്കിൽ ഒരുക്കുന്നത്.

വിനോദ സഞ്ചാരികൾ കൂടുന്നു

വിദേശ ടൂറിസ്റ്റുകൾ അടക്കം ദിവസവും നിരവധി സഞ്ചാരികളാണ് കിഴക്കൻ മലയോര മേഖലയിലെത്തുന്നത്. ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലം, തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി വന്യജീവിസങ്കേതം, തെന്മല പരപ്പാർ അണക്കെട്ട്, പാലരുവി വെള്ളച്ചാട്ടം, 13 കണ്ണറ പാലം തുടങ്ങി നിരവധി സ്ഥലങ്ങൾ കിഴക്കൻ മലയോര മേഖലയിൽ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ഇത് കണക്കിലെടുത്താണ് തൊളിക്കാട് അടക്കമുള്ള പ്രദേശങ്ങളിൽ പാർക്ക് ഉൾപ്പടെയുള്ള കൂടുതൽ സൗകര്യങ്ങൾ സ‌ജ്ജമാക്കുന്നത്.

39.79 രൂപ ചെലവിൽ പുതിയ പാർക്ക്

പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് പുറകിലൂടെ ഒഴുകുന്ന കല്ലടയാറിന്റെ തീരത്ത് 39.79 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ പാർക്കിന്റെ നിർമ്മാണവും പുരോഗമിച്ച് വരുകയാണ്. ഇത് ഓണത്തിന് നാടിന് സമർപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

50 ലക്ഷം രൂപ

സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ സ്ലുഡ്ജു ലഗൂൺ പാർക്കിനായി അനുദിക്കും