അഞ്ചാലുംമൂട്: അഞ്ചാലുംമൂട് മാർക്കറ്റിന് സമീപമുള്ള എസ്.ബി.ഐക്ക് മുന്നിലെ അപകട സാദ്ധ്യത അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികളുടെ പരാതി. ബാങ്കിൽ നിന്നും റോഡിലേക്കുള്ള ഗേറ്റിനു സമീപത്തെ ഇറക്കവും തറയിൽ പാകിയിട്ടുള്ള ഇന്റർലോക്ക് കട്ടകളുമാണ് അപകടം വിളിച്ചു വരുത്തുന്നത്. അഞ്ചാലുംമൂട് - കുണ്ടറ മെയിൻ റോഡിൽ മാർക്കറ്റിനു സമീപത്തായിട്ടാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ബാങ്കിലെത്തുന്നത്. ബാങ്കിൽ നിന്ന് വാഹനങ്ങൾ മെയിൻ റോഡിലേക്ക് ഇറങ്ങുമ്പോൾ തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാറുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഈ റോഡിലൂടെയാണ് ടൂവീലറുകളും സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളും ചീറിപ്പായുന്നത്. ഈ ഭാഗത്തെ അപകടങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.