കുന്നത്തൂർ: കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. കൊല്ലം-തേനി, ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയ പാതകളും കൊട്ടാരക്കര, അടൂർ, ചവറ, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്കുള്ള റോഡുകളും സംഗമിക്കുന്ന ഭരണിക്കാവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഭരണിക്കാവ് ടൗൺ വഴി സഞ്ചരിക്കുന്നത്. ടൗണിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നത് അവസാനിപ്പിച്ച് സ്റ്റാന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
1 കോടി ചെവലിൽ നിർമ്മിച്ച ബസ് സ്റ്റാന്റിന്റെ
പ്രവർത്തനം താറുമാറായി
ഭരണിക്കാവ് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബസ് സ്റ്റാന്റിന്റെ പ്രവർത്തനം ഏറെ നാളായി താറുമാറായിരിക്കുകയാണ്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ഒരു കോടി രൂപ ചെലവാക്കിയാണ് മുസലിയാർ ഫാമിൽ സ്റ്റാന്റ് യാഥാർത്ഥ്യമാക്കിയത്. ചക്കുവള്ളി, അടൂർ,കൊട്ടാരക്കര പാതയ്ക്ക് സമാന്തരമായുള്ള സ്റ്റാന്റിൽ തുടക്കത്തിൽ എല്ലാ ബസുകളും കയറുമായിരുന്നു. എന്നാൽ പിന്നീട് ട്രാൻ. ബസുകൾ സ്റ്റാന്റിൽ കയറാൻ വിമുഖത കാട്ടി. ട്രാൻ. ബസുകൾ സ്റ്റാന്റിൽ കയറാത്തത് തങ്ങളുടെ കളക്ഷനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കാരണം പറഞ്ഞ് സ്വകാര്യ ബസുകളും സ്റ്റാന്റിൽ കയറാതായി. തുടർന്ന് ടൗണിൽത്തന്നെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ പാർക്കിംഗ് ആരംഭിച്ചതോടെ വിവിധ സംഘടനകൾ റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ നാളുകൾക്കു ശേഷം പൊലീസ്, ശാസ്താംകോട്ട പഞ്ചായത്ത്, ഗതാഗത വകുപ്പ് തുടങ്ങിയ അതോറിറ്റികൾ സംയുക്തമായി സ്റ്റാന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ രംഗത്തെത്തിയെങ്കിലും അതൊന്നും പ്രായോഗികമായില്ല. പഴയപടി ജംഗ്ഷനിൽ മാത്രം നിറുത്തുന്ന ബസുകൾക്ക് തുടക്കത്തിൽ പിഴയും പിന്നീട് പെർമിറ്റ് റദ്ദു ചെയ്യുന്നതടക്കമുള്ള നടപടിയും സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതെല്ലാം കടലാസിൽ മാത്രമൊതുങ്ങി.
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് ഇങ്ങനെ
1. ഓട്ടോ, ടാക്സി പാർക്കിംഗിനൊപ്പം സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്
2. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ മിനിട്ടുകളോളം ടൗണിൽ നിറുത്തിയിടുന്നത്
3. ട്രാൻസ്പോർട്ട്, പ്രൈവറ്റ് ബസുകൾ ബസ് സ്റ്റാന്റിൽ കയറാതെ പോകുന്നത്
4. നഗരത്തിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത്
സ്കൂൾ കുട്ടികൾ വലയും
ചില സമയത്ത് ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും. റോഡ് മുറിച്ചു കടക്കാനെത്തുന്ന കാൽനട യാത്രികരും സ്കൂൾ കുട്ടികളുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ ഏറെ ബുദ്ധിമുട്ടുന്നത്. വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഹോം ഗാർഡുകളാണ് ഗതാഗത നിയന്ത്രണത്തിനായി ഇവിടെയുള്ളത്. സ്കൂൾ കുട്ടികളാണ് രൂക്ഷമായ ഗതാഗതക്കുരുക്കിൽ കൂടുതലായും അപകട ഭീഷണി നേരിടുന്നത്.
ട്രാഫിക് സിഗ്നൽ
ടൗണിന്റെ മദ്ധ്യഭാഗത്തായി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. അശാസ്ത്രീയമായാണ് സിഗ്നൽ സ്ഥാപിച്ചതെന്ന ആക്ഷേപം ശക്തമാണ്. സിഗ്നൽ പ്രവർത്തന സജ്ജമായ ദിവസം തന്നെ വാഹനാപകടത്തിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്നാണ് ഇതിന്റെ പ്രവർത്തനം നിറുത്തിവെച്ചത്.