പടി. കല്ലട: കണ്ണങ്കാട് റെയിൽവേ പാലത്തിന് അടിവശത്ത് കൂടിയുള്ള റോഡ് വെള്ളക്കെട്ടായി മാറിയിട്ടും റെയിൽവേ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. റെയിൽവേ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡ് ടാർ ചെയ്തിട്ടുണ്ട്. എന്നാൽ പാലത്തിന്റെ അടിവശത്ത് കൂടിയുള്ള റോഡിൽ ടാറിംഗ് നടത്തിയിട്ടില്ല. കല്ലടയാറിനോട് ചേർന്നുള്ള ഈ ഭാഗം മഴവെള്ളം കെട്ടിക്കിടന്ന് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. സ്‌കൂൾ കുട്ടികൾ അടക്കം നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളുമാണ് ഇതുവഴി കടന്നുപോകുന്നത്. റെയിൽവേയുടെ സ്ഥലമായതിനാൽ ഇവിടെ എന്തെങ്കിലും നവീകരണ പ്രവർത്തനം നടത്തിയാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നുള്ളതുകൊണ്ട് നാട്ടുകാർക്ക് യാതൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് കെട്ടിക്കിടക്കുന്ന വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി വിട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2 വാർഡുകളിലേക്കുള്ള ഏകവഴി
പടിഞ്ഞാറേക്കല്ലട പഞ്ചായത്തിനോട് ചേർന്ന് കല്ലടയാറ്റിനാൽ ഒറ്റപ്പെട്ടുകിടക്കുന്ന മൺറോത്തുരുത്ത് പഞ്ചായത്തിലെ കിടപ്രം, പടി. കല്ലടയിലെ കോതപുരം എന്നീ വാർഡുകളിലേക്കെത്താനുള്ള ഏകമാർഗമാണ് കണ്ണങ്കാട് റെയിൽവെ പാലത്തിന് അടിവശത്ത് കൂടിയുള്ള റോഡ്.