ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷന്റെ വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി പരാതി. ഓടയിലൂടെ മലിനജലം നേരിട്ട് ചാത്തന്നൂർ തോട്ടിലേക്ക് എത്തുകയാണ്. ചാത്തന്നൂർ ഗവ. വി.എച്ച്.എസ്.എസിന് സമീപമുള്ള കലുംഗിനടിയിൽ മലിനജലം കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ വിദ്യാർത്ഥികളുൾപ്പെടെ പകർച്ചവ്യാധി ഭീഷണിയിലാണ്.
തോടിന് സമീപത്തുള്ള കിണറുകളും ഇക്കാരണത്താൽ മലിനമാകുകയാണ്. ഈ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളതിനാൽ വീട്ടുകാർ കുടിവെള്ളം പണം മുടക്കി വാങ്ങേണ്ട സ്ഥിതിയാണ് നിലവിൽ.
മഴക്കാലപൂർവ ശുചീകരത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതർ ഓടയുടെ മൂടി ഭാഗികമായി ഇളക്കി പരിശോധിച്ചെങ്കിലും പൈപ്പുകൾ കണ്ടെത്തിയല്ല. ഓടയിലേക്ക് ഗൃഹമാലിന്യവും ശുചിമുറി മാലിന്യവും ഉൾപ്പെടെ ഒഴുക്കുന്നതായും നാട്ടുകാർ പറയുന്നു. ഓട പൂർണമായും തുറന്ന് പരിശോധിച്ച് സ്ഥാപനങ്ങളിൽ നിന്ന് മലിനജലം ഒഴുക്കുന്ന പൈപ്പുകൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേനൽക്കാലത്ത് പോലും വറ്റാത്ത ചാത്തന്നൂർ തോട്ടിലേക്ക് മലിനജലം ഒഴുക്കിവിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.